തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്നും അവർക്ക് മാന്യമായ ജീവിതം നൽകുന്നതുമായി യുഎഇ ഏവർക്കും മാതൃകയാണെന്ന് ദുബൈ പെർമന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ചെയർമാനും ജിഡിആർഎഫ്എ ഉപമേധാവിയുമായ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു. ലോക തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ തൊഴിൽ കാര്യസ്ഥിരം സമിതി അൽ വർഷാനിലെ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിർമ്മാണ മേഖലയിലെ തൊഴിലാളികളെയും തൊഴിലിടങ്ങളെയും അംഗീകരിക്കുന്നതിനുള്ള സർക്കാർ തലത്തിലെ ലോകത്തെ ആദ്യത്തെ സംരംഭമാണ് 2016 -ൽ ദുബൈ തുടങ്ങിയ തഖ്‌ദീർ അവാർഡുകൾ. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ രക്ഷാകർത്യത്വത്തിലുള്ള ഈ പുരസ്‌കാരത്തിലൂടെയും വിവിധങ്ങളായ മാനുഷിക പരിഗണന പദ്ധതികളിലൂടെയും തൊഴിലാളി സമൂഹത്തെ ദുബൈ എപ്പോഴും ചേർത്തു നിർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ സന്തോഷവും ക്ഷേമവും ഉറപ്പുവരുത്തി ലോകത്തെ ഏറ്റവും മികച്ച തൊഴിലിടമായി ദുബായിയെ മാറ്റാനാണ് പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ലക്ഷ്യംവെക്കുന്നത്. ഓരോ തൊഴിലാളിയും പ്രിയപ്പെട്ടവരാണ്.. തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍, അവകാശ സംരക്ഷണം, തൊഴിലാളികള്‍ക്ക് മികച്ച താമസസൗകര്യം, ആരോഗ്യസുരക്ഷാ, ശമ്പള കാര്യങ്ങളിലെ പ്രതിബദ്ധത തുടങ്ങിയ മേഖലകളിൽ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്യുന്നത്. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ സൗഹൃദ പൂര്‍ണമായ ഒരു അന്തരീക്ഷത്തില്‍ മെച്ചപ്പെടുത്താൻ ദുബൈ സദാസമയം പ്രതിജ്ഞാബദ്ധമാണെന്ന് മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ ചടങ്ങിൽ കൂട്ടിച്ചേർത്തു.

അൽ നബൂദ ലേബർ ക്യാമ്പിൽ നടന്ന ആഘോഷ പരിപാടി തൊഴിലാളികൾക്ക് സന്തോഷവും ആവേശവും പകരുന്നതായിരുന്നു. വിവിധ രാജ്യക്കാരുടെ സംസ്കാരങ്ങൾ അടയാളപ്പെടുത്തുന്ന കലാപരിപാടികൾ ആയിരത്തിലധികം വരുന്ന തൊഴിലാളികൾക്കായി അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ കലാസംസ്കാരിക രീതികൾ അടയാളപ്പെടുത്തുന്ന വീഡിയോ പ്രദർശനം ഏറെ ശ്രദ്ധേയമായി.