രാജ്യത്തിൻറെ ദേശീയ കറൻസിയായ ദിർഹത്തിന്റെ ഔദ്യോഗിക ചിഹ്നം യു എ ഇ പുറത്തിറക്കി. സെൻട്രൽ ബാങ്ക് ഓഫ് യു എ ഇയാണ് ദിർഹത്തിന്റെ പുതിയ ഔദ്യോഗിക ചിഹ്നം പുറത്തിറക്കിയത്. യു എ ഇ ദിർഹത്തിനെ ഒരു അന്താരാഷ്ട്ര കറൻസിയാക്കി മാറ്റുന്നത് ലക്ഷ്യമിട്ട് CBUAE നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. ഇതിന്റെ ഭാഗമായി യു എ ഇ ദേശീയ കറൻസിയുടെ ഡിജിറ്റൽ പതിപ്പായ ‘ഡിജിറ്റൽ ദിർഹം’ പദ്ധതി നടപ്പിലാക്കുന്നതിന്റെ നടപടിക്രമങ്ങൾ മുന്നോട്ട് പോകുന്നതായും CBUAE വ്യക്തമാക്കിയിട്ടുണ്ട്.
എഫ് എക്സ് ഗ്ലോബൽ കോഡിന്റെ ഭാഗമാകാനുള്ള CBUAE-യുടെ തീരുമാനത്തിന്റെ തുടർച്ചയായാണ് ഈ പുതിയ ദിർഹം ചിഹ്നം പുറത്തിറക്കിയിരിക്കുന്നത്. അറബ് മേഖലയിൽ നിന്ന് എഫ് എക്സ് ഗ്ലോബൽ കോഡിൽ അംഗമാകുന്ന ആദ്യ സെൻട്രൽ ബാങ്കാണ് CBUAE.
‘ഡിജിറ്റൽ ദിർഹം’ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ ഈ പുതിയ കറൻസി ചിഹ്നം അവതരിപ്പിച്ചിരിക്കുന്നത്. ദിർഹം എന്നതിന്റെ ഇംഗ്ലീഷ് നാമത്തിൽ നിന്നാണ് ഈ ചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്.