യു എ ഇ റോഡുകളിൽ സ്വയം ഓടുന്ന വാഹനങ്ങൾക്കുള്ള ആദ്യ ലൈസൻസിന് അംഗീകാരം നൽകിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. ചൈനയിലെ ഗ്വാങ്‌ഷൂ ആസ്ഥാനമായ കമ്പനിയായ വീറൈഡിനാണ് ലൈസൻസ് അനുവദിച്ചിരിക്കുന്നത്. ‘വീറൈഡി’ന് ലൈസൻസ് അനുവദിച്ചതായി ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബുദാബിയിലെ അൽ വതൻ പാലസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സെൽഫ് ഡ്രൈവിംഗ് കാറുകൾക്കുള്ള ലൈസൻസിന് അംഗീകാരം നൽകിയത്.
രാജ്യത്തിന്റെ യാത്രാമേഖലയുടെ ഭാവിയെ പുനർനിർവചിക്കുന്ന വ്യത്യസ്ത തരം ഓട്ടോണമസ് വാഹനങ്ങളും രാജ്യത്ത് പരീക്ഷിക്കാൻ തുടങ്ങുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അബുദാബിയടക്കം ലോകത്തിലെ 26-ലധികം നഗരങ്ങളിൽ സെൽഫ് ഡ്രൈവിംഗ് ഗവേഷണങ്ങളും പ്രവർത്തനങ്ങളും വീറൈഡ് കമ്പനി നടത്തി വരികയാണ്.
ചൈനയിലെ ഗ്വാങ്‌ഷൂ ആസ്ഥാനമായ വീറൈഡ് കമ്പനിയുടെ ഉൽപ്പന്നങ്ങളിൽ റോബോടാക്‌സികൾ , റോബോബസുകൾ, ഡെലിവറി സേവനങ്ങൾക്കായി റോബോവാനുകൾ, ഏത് കാലാവസ്ഥയിലും” 24 മണിക്കൂറും പ്രവർത്തിക്കാൻ കഴിയുന്ന റോബോസ്വീപ്പറുകൾ എന്നിവഎല്ലാം ഉൾപ്പെടുന്നു.