2025 ലെ ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 1 ചൊവ്വാഴ്ച വരെ, ഈദ് അല്‍ ഫിത്തര്‍ പ്രമാണിച്ച് രാജ്യത്തുടനീളമുള്ള എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടെയുള്ള അവധി ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. റമദാന്‍ മാസം 30 ദിവസം പൂര്‍ത്തിയാക്കുകയാണെങ്കില്‍ അവധി 2025 ഏപ്രില്‍ 2 ബുധനാഴ്ച വരെ നീട്ടുമെന്ന് മന്ത്രാലയം അതിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ വഴി പ്രഖ്യാപിച്ചു.
രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ മേഖലാ ജീവനക്കാര്‍ക്കും ശവ്വാല്‍ ഒന്ന് മുതല്‍ മൂന്നു വരെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഈദുല്‍ ഫിത്തര്‍ അവധിക്ക് ശേഷം ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ ശവ്വാല്‍ 4 ന് പുനരാരംഭിക്കും.
വിശുദ്ധ റമദാന്‍ മാസം 30 ദിവസം പൂര്‍ത്തിയാക്കിയാല്‍, റമദാന്‍ 30 (മാര്‍ച്ച് 30 ഞായറാഴ്ച) ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങളോടൊപ്പം ഔദ്യോഗിക അവധിയായിരിക്കും. മാര്‍ച്ച് 29 ന് ശവ്വാല്‍ മാസപ്പിറവി ദര്‍ശിച്ചാല്‍, മാര്‍ച്ച് 30 ഞായറാഴ്ച ഈദ് അല്‍ ഫിത്തര്‍ ആയിരിക്കും. ഇതുപ്രകാരം രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് ഏപ്രില്‍ ഒന്നു വരെ മൂന്ന് ദിവസം ഈദുല്‍ ഫിത്തര്‍ അവധി ലഭിക്കും. രാജ്യത്തുടനീളമുള്ള മിക്ക ജീവനക്കാര്‍ക്കും ശനിയാഴ്ച വാരാന്ത്യമായതിനാല്‍ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ ഒന്നു വരെ നാല് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.
അതേസമയം, മാര്‍ച്ച് 29 ന് മാസപ്പിറവി കാണാതിരിക്കുകയും റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കുകയും ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസം മാര്‍ച്ച് 31 തിങ്കളാഴ്ചയായിരിക്കും. ഇതോടെ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 2 വരെയുള്ള മൂന്ന് ദിവസങ്ങള്‍ ഈദ് അവധിയായി മാറും.