ഷാര്‍ജ: ബഹിരാകാശ വാസം എളുപ്പമല്ലെന്നും, ഗുരുത്വാകര്‍ഷണ ബലം ഇല്ലാത്തതിനാല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണെന്നും യു എ ഇ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി പറഞ്ഞു. നാല്‍പത്തിരണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ബാള്‍ റൂമില്‍ അമേരിക്കന്‍ ബഹിരാകാശ യാത്രികയും യുഎസ് നേവി ഓഫീസറുമായ സുനിത വില്യംസിനോടൊപ്പം സംവദിക്കുകയായിരുന്നു ഹസ്സ അല്‍ മന്‍സൂരി. കടുത്ത മര്‍ദം താഴെ നിന്നുണ്ടാകുന്നതിനാല്‍ ആദ്യമൊക്കെ ഇരിക്കുന്നത് പോലും വേദനാജ നകവും അത്യന്തം പ്രയാസകരവുമായിരുന്നുവെന്നും പിന്നീടതിനോട് പൊരുത്തപ്പെടുകയായിരുന്നുവെന്നും മന്‍സൂരി തന്റെ അനുഭവം വിവരിച്ചു.
103 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ബഹിരാകാശ യാത്രകള്‍ നടത്തുന്നത്. എന്തിനാണ് ഇത്രയധികം പണം ചെലവഴിക്കുന്നതെന്ന് അവതാരക ബഹിരാകാശ യാത്രികരോട് ചോദിച്ചപ്പോള്‍, പല രീതികളില്‍ മനുഷ്യ വികസനത്തെ സഹായിക്കുന്നതാണീ ബഹിരാകാശ യാത്രകളെന്നും അതില്‍ ചെലവഴിക്കുന്ന പണത്തിന്റെ അളവ് പ്രധാനമല്ലെന്നും സുനിത വില്യംസ് പറഞ്ഞു. ബഹിരാകാശ സഞ്ചാരികളാവാന്‍ ആഗ്രഹിക്കുന്ന പുതിയ തലമുറയോട് എന്താണ് പറയാനാഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, ‘എവ്‌രിതിംങ് ഈസ് പോസ്സിബ്ള്‍’ എന്നായിരുന്നു പ്രതികരണം. അതോടൊപ്പം തന്നെ, റിസര്‍ച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അവര്‍ വ്യക്തമാക്കി. എവിടെയെങ്കിലും കാലുറപ്പിച്ചു നിര്‍ത്തിയാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ശരിയായ ഗവേഷണം ആവശ്യമാണ്. അങ്ങനെ ഗവേഷണം ചെയ്യുന്നയാളുകളെ സംബന്ധിച്ചിടത്തോളം ഒന്നും അസാധ്യമല്ലെന്നും അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇതേ ചോദ്യത്തിന് യുഎഇ ബഹിരാകാശ യാത്രികനായ ഹസ്സ അല്‍ മന്‍സൂരി ‘ഗോസ് എറൗണ്ട്, കംസ് എറൗണ്ട്’ എന്നാണ് മറുപടി നല്‍കിയത്. ഇഷ്ടപ്പെട്ട പുസ്തകം ഏതാണെന്ന ചോദ്യത്തിന് സുനിത നല്‍കിയ മറുപടി, ‘ലൈഫ് ഓഫ് പൈ’ എന്നായിരുന്നു. അത് മഹത്തായ കൃതിയാണെന്ന് പറഞ്ഞ അവര്‍, താനൊരു മൃഗ സ്‌നേഹിയാണെന്നും ഇഷ്ടപ്പെട്ട സിനിമകളിലൊന്ന് ‘അപ്പോളോ 8’ ആണെന്നും കൂട്ടിച്ചേര്‍ത്തു. അനേകം കുരുന്നുകളാണ് ചോദ്യങ്ങളുമായി സദസ്സില്‍ നിന്നെഴുന്നേറ്റത്. സുനിതയും ഹസ്സയുമായി സംവദിക്കാന്‍ സദസ് അത്യധികം താല്‍പര്യപ്പെട്ടത് പ്രത്യേകം എടുത്തു പറയേണ്ടതായിരുന്നു. അന്യഗ്രഹ ജീവികളെന്നത് യഥാര്‍ത്ഥത്തില്‍ ഉള്ളതു തന്നെയാണോയെന്ന സദസ്സില്‍ നിന്നുള്ള ചോദ്യത്തിന്, അനേകം നക്ഷത്രങ്ങളിലൊന്നാണ് സൂര്യനെന്നും സൂര്യനെ കേന്ദ്രമാക്കി രൂപം കൊണ്ട ഭൂമി എന്നൊരു സംവിധാനത്തിനകത്ത് നമുക്കിങ്ങനെ ജീവിക്കാനാകുമെങ്കില്‍, അവിടങ്ങളില്‍ ജീവികളുണ്ടെന്ന് തന്നെയാണ് തന്റെ ശക്തമായ അഭിപ്രായമെന്നും സുനിത വ്യക്തമാക്കി.