എഴുത്തിന്റെയും വായനയുടെയും വാതായനങ്ങൾ തുറന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 42ആം പതിപ്പിന് നാളെ തുടക്കമാവും. ഷാർജ എക്സ്പോ സെന്ററിൽ 12 ദിവസം നീണ്ടുനിൽക്കുന്ന മേള ഇത്തവണ ‘നാം പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു’ എന്ന പ്രമേയത്തിലാണ് നടക്കുന്നത്. ദക്ഷിണകൊറിയയാണ് വായനോത്സവത്തിലെ അതിഥിരാജ്യം.
108 രാജ്യങ്ങളിൽനിന്ന് രണ്ടായിരത്തിലേറെ പ്രസാധകരെത്തുന്ന പുസ്തകോത്സവത്തിൽ 15 ലക്ഷം പുസ്തകങ്ങൾ ഇത്തവണയെത്തും. ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന മേള യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് നടക്കുക.
ഇന്ത്യയിൽനിന്ന് 120 പ്രസാധകരാണ് പങ്കെടുക്കുന്നത്. അതോടൊപ്പം മലയാളത്തിൽ നിന്നടക്കം പ്രഗല്ഭ എഴുത്തുകാരും ചിന്തകരും വിവിധ സെഷനുകളിൽ പങ്കെടുക്കുന്നുമുണ്ട്. സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ, മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് സാന്നിധ്യമറിയിക്കുക. തങ്ങളുടെ പുസ്തകങ്ങള്‍ സംബന്ധിച്ചും ജീവിതാനുഭവങ്ങളും മറ്റും ഇവര്‍ സദസ്സുമായി പങ്കുവെക്കും. നൂറുകണക്കിന് പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളും പ്രകാശനം ചെയ്യുന്നുണ്ട്. ബാൾറൂമിലും ഇന്റലെക്ച്വൽ ഹാളിലുമാണ് വിദ്യാർഥികൾക്ക് സെഷൻ ഒരുക്കുന്നത്. രാവിലെ 10 മുതൽ 12 വരെയാണ് വിദ്യാർഥികൾക്ക് നൽകിയിരിക്കുന്ന സന്ദർശന സമയം.
പ്രമുഖർ നേതൃത്വം നൽകുന്ന 60ലേറെ ശിൽപശാലകളും പുസ്തകോത്സവത്തിന്റെ ഭാഗമായി ഉണ്ടകും. ബഹിരാകാശ യാത്രിക സുനിത വില്യംസ്, ബോളിവുഡ് താരം കരീന കപൂര്‍, കാജോള്‍ ദേവ്ഗന്‍, ഐ.എസ്.ആര്.ഒ ചെയര്മാന് എസ്. സോമനാഥ്, മല്ലിക സാരാഭായ്, ബര്‍ഖ ദത്ത്, നീന ഗുപ്ത, നിഹാരിക എന്‍.എം, ഡോ. മുരളി തുമ്മാരുകുടി, അജയ് പി. മങ്ങാട്ട്, ജോയ് ആലുക്കാസ്, യാസ്മിന് കറാച്ചിവാല, അങ്കുര്‍ വാരികൂ തുടങ്ങിയവർ അതിഥികളായി എത്തും. ഇന്റലെക്ച്വല്‍ ഹാള്‍, ബാള്‍റൂം എന്നിവിടങ്ങളിലും പുസ്തക പ്രകാശനങ്ങളുണ്ടാവും. ഇതിനായി മലയാളത്തില്‍നിന്ന് കെ.ജയകുമാര്‍, എം.പി.മാരായ ബിനോയ് വിശ്വം, എന്‍.കെ.പ്രേമചന്ദ്രന്, സി.പി.എം. നേതാക്കളായ പി.ജയരാജന്, ഡോ.വി.പി.പി. മുസ്തഫ തുടങ്ങിയവരും പങ്കെടുക്കും.