ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പ് ഒക്ടോബർ 29-ന് നടക്കും. നാമനിർദേശപത്രിക 20 മുതൽ സമർപ്പിക്കാം. മത്സരിക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഫീസിൽ തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ പത്രിക കൈപ്പറ്റാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
20, 21 തീയതികളിൽ രാവിലെ ഒമ്പത് മണി മുതൽ 12 മണിവരെയും വൈകിട്ട് ഏഴ് മണി മുതൽ ഒമ്പത് വരെയും പ്രതിക സമർപ്പിക്കാം. മത്സരാർത്ഥികളുടെ പ്രാഥമിക പട്ടിക 21-നാണ് പുറത്തുവിടുക. 22-നാണ് പത്രിക പിൻവലിക്കാനുള്ള സമയം. തുടർന്ന് അന്തിമ പട്ടിക 22-ന് പ്രസിദ്ധീകരിക്കുകയും ചെയ്യും. 29-ന് രാവിലെ എട്ട് മുതൽ 8.30 വരെ അംഗങ്ങളുടെ രജിസ്ട്രേഷനും 8.45ന് പോളിങും ആരംഭിക്കും. 8.45-ന് ആരംഭിച്ച് 12.30 വരെയും തുടർന്ന് ഉച്ചക്ക് 1.30-ന് ആരംഭിച്ച് ആറ് മണിവരെയുമാണ് പോളിങ് സമയം. ഷാർജ അൽഗുബൈബയിലെ ഇന്ത്യൻ സ്കൂളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയുടെ കാലാവധി രണ്ട് വർഷമാണ്. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ അംഗത്വം എടുത്ത് ആറ് മാസമെങ്കിലും പൂർത്തിയാക്കിയ അംഗങ്ങൾക്ക് മാത്രമാണ് വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കുക. അസോസിയേഷന് കീഴിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ബന്ധുക്കൾക്ക് വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.
.