“പുസ്തകങ്ങളിലേക്ക് ആഴ്ന്നിറങ്ങാം” എന്ന പ്രമേയത്തിൽ ഷാർജ എക്സ്പോ സെന്ററിൽ 12 ദിവസം നീണ്ടുനിന്ന ഷാർജ കുട്ടികളുടെ വായനോത്സവം നാളെ അവസാനിക്കും. വായനോത്സവത്തിൽ ഇക്കുറി മികച്ച പങ്കാളിത്തമാണ് ഉണ്ടായത്. കുട്ടികൾ കുടുംബത്തോടൊപ്പവും സ്കൂളുകളിൽ നിന്നും ഒഴുകിയെത്തിയിരുന്നു. കുട്ടികൾക്കായി നിരവധി പുസ്തകങ്ങളുമായി വിവിധഭാഷകളിൽ നിന്ന് നിരവധി പ്രസാധകരും എത്തിയിരുന്നു.വായനയെ കുട്ടികൾ സ്നേഹിക്കുന്നതായും തങ്ങൾക്കിഷ്ട്ടപ്പെട്ട പുസ്തകങ്ങൾ അന്വേഷിച്ച് എത്തുന്ന കുട്ടികൾ കുറവല്ലെന്നും പ്രസാധകരും പറയുന്നു.

മൂന്നു വയസുമുതൽ 16 വയസുവരെവർക്കായി വിവിധ സ്റ്റാളുകളിൽ വിവിധ തരത്തിലുള്ള പുസ്തകങ്ങൾ എത്തിച്ചിട്ടുണ്ട്. കോമിക് പുസ്തകങ്ങൾ, കഥകൾ, സാഹസികത ഉൾപ്പെടുന്ന കഥകൾ, നോവലുകൾ തുടങ്ങായി കളിയിലൂടെ അറിവുനേടാൻ സഹായിക്കുന്ന പുസ്തകങ്ങൾ വരെ സ്റ്റാളുകളിൽ നിരന്നിരുന്നു.

കുട്ടികൾക്കായി വിവിധ ശില്പശാലകൾ, പ്രദർശങ്ങൾ, ചിത്രരചന, പെയിന്റിംഗ്, ക്രാഫ്റ്റ് വർക്കുകൾ, കോമിക് കോർണർ കുക്കറി തുടങ്ങി വിവിധ പരിപാടികൾ ആണ് നടന്നത്. എല്ലാ പരിപാടികളിലും കുട്ടികളുടെ മികച്ച പങ്കാളിത്തമാണ് ഉണ്ടായത്. യു എഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം പേര് ഷാർജയിലേക്ക് വായനോത്സവത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

16-മത് ഷാർജ അന്താരാഷ്ട്ര കുട്ടികളുടെ വായനോത്സവം യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉദ്‌ഘാടനം ചെയ്തത്. മേളയിൽ 600ലേറെ ശിൽപശാലകളും സാംസ്കാരിക പരിപാടികളും അരങ്ങേറി. 70 രാജ്യങ്ങളിൽനിന്നായി 133 അതിഥികളും 10,24 പരിപാടികളിലായി പങ്കെടുത്തു. 22 രാജ്യങ്ങളിൽനിന്നായി 122 അറബ്- അന്താരാഷ്ട്ര പുസ്തക പ്രസാദകരാണ് മേളയിൽ പ്രദർശനത്തിനെത്തിയിരിക്കുന്നത്. കൂടാതെ രാജ്യാന്തര എഴുത്തുകാരും ചിന്തകരും ഉൾപ്പെടെ 50ലേറെ പ്രഗല്ഭർ നയിക്കുന്ന 50ലധികം ശിൽപശാലകളും നടന്നു.