വായനയുടെയും അറിവിന്റെയും ലോകം കുട്ടികൾക്കയായി തുറന്ന വായനോത്സവത്തിന് നാളെ സമാപനമാകും. ഷാർജ എക്സ്പോ സെന്ററിൽ ഈ മാസം മൂന്നിനാണ് കുട്ടികളുടെ വായനോത്സവം തുടങ്ങിയത്. 14-ാമത് പതിപ്പ് യുഎഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ആണ് ഉദ്ഘാടനം ചെയ്തത്. ‘ട്രെയ്ൻ യുവർ ബ്രെയിൻ’ എന്ന ആശയത്തിൽ ഇക്കുറി 12 ദിവസമാണ് വായനോത്സവം അരങ്ങേറിയത്. വൈവിധ്യമാർന്ന പരിപാടികളാണ് കുട്ടികൾക്കായി ഷാർജ എക്സ്പോ സെന്ററിൽ ഒരുക്കിയിരുന്നത്.
വായനോത്സവത്തിൽ ഇന്ത്യയുൾപ്പടെ 66 രാജ്യങ്ങളിൽ നിന്നുള്ള 512 അതിഥികൾ പങ്കെടുത്തു. എഴുത്തുകാരി സുധാ മൂർത്തി ഉൾപ്പെടയുള്ളവർ കുട്ടികളുമായി സംവദിച്ചു. ബാലസാഹിത്യ രംഗത്ത് അവരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ വായനോത്സവത്തിൽ പ്രദർശിപ്പിച്ചു. 16 രാജ്യങ്ങളിൽ നിന്നുള്ള 16 അതിഥികൾ നയിക്കുന്ന 136 നാടകങ്ങൾ, റോമിങ് ഷോകൾ, അക്രോബാറ്റ്, സംഗീത പരിപാടികൾ എന്നിവയും വായനോത്സവത്തിൽ മാറ്റുകൂട്ടി.
കുട്ടികളുടെ ഷോ മസാക്ക കിഡ്‌സ് ആഫ്രിക്കാനയും ഏറ്റവും ശ്രദ്ധേയമായ പരിപാടികളിൽ ഉൾപ്പെടുന്നു . നാല് രാജ്യങ്ങളിൽ നിന്നുള്ള 15 പ്രതിഭകൾ നയിക്കുന്ന ശിൽപശാലകൾ, പാനൽ ചർച്ചകൾ, റോമിങ് ഷോകൾ എന്നിവയുൾപ്പടെ 323ലേറെ പരിപാടികലും അരങ്ങേറി. ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ പന്ത്രണ്ട് ഷെഫുകൾ അവതരിപ്പിക്കുന്ന 33 ലേറെ പാചകപരിപാടികളുമായി ജനപ്രിയ കുക്കറി കോർണറും സജ്‌ജമാണ്.
93 അറബ് പ്രസാധകരും 48 വിദേശ പ്രസാധകരും ഉൾപ്പടെ 141 പ്രസാധകർക്കാണ് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിൽ ആതിഥ്യമരുളുന്നത്. 77 പ്രസാധകരുമായി യുഎഇ ആണ് ഒന്നാം സ്ഥാനത്ത്. 12 പ്രസാധകരുമായി ലെബനൻ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യ, യുകെ, സിറിയ, ജോർദാൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ പങ്കാളിത്തവുമുണ്ട്.