ഷാർജയിൽ കുട്ടികളുടെ വായനോത്സവവുമായി ബന്ധപ്പെട്ട് ആദ്യമായി അവതരിപ്പിക്കുന്ന ഷാർജ ആനിമേഷൻ കോൺഫറൻസിന്റെ ഉദ്‌ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു. ഷാർജയിലെ എക്‌സ്‌പോ സെന്ററിൽ ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പരിപാടി ഈ മാസം 5 വരെയാണ് നടക്കുക.
ശിൽപശാലകളും അതിനോടനുബന്ധിച്ച മറ്റിടങ്ങളും ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സന്ദർശിച്ചു. ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 18 രാജ്യാന്തര പ്രശസ്തരായവർ പങ്കെടുക്കുന്ന ആനിമേഷൻ കോൺഫറൻസ് ത്രിദിന പരിപാടിയിൽ കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ളവർ ഉൾപ്പെടുന്നുണ്ട്. ‘നിങ്ങളുടെ ബുദ്ധിയെ പരിശീലിപ്പിക്കൂ’ എന്ന പ്രമേയത്തിൽ 12 ദിവസം നീണ്ടുനിൽക്കുന്ന കുട്ടികളുടെ വായനോത്സവം ഈമാസം 14ന് സമാപിക്കും.