ദുബൈ മെട്രോ ബ്ലൂ ലൈൻ പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. 15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ മുകളിലുമായി 30 കിലോമീറ്ററോളം നീളുന്ന ബ്ലൂ ലൈൻ മെട്രോയുടെ പ്രവർത്തനമാണ് ഈ വർഷം ആരംഭിക്കുകയെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ അറിയിച്ചു. ഇതോടൊപ്പം ദുബായിലെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് ഇൻ്റർചേഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടെ 14 സ്റ്റേഷനുകൾ പദ്ധതിയിൽ ഉൾക്കൊള്ളുമെന്നും ആർടിഎ വ്യക്തമാക്കി.
ദുബൈ രാജ്യാന്തര വിമാനത്താവളവും അതിന്റെ റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഒൻപത് പ്രധാന പ്രദേശങ്ങളും തമ്മിൽ നേരിട്ടുള്ള ബന്ധം വാഗ്ദാനം ചെയ്യുന്നതാണ് ബ്ലൂ ലൈൻ. മെട്രോ ലൈൻ യാഥാർഥ്യമാകുന്നതോടെ ഈ ലക്ഷ്യസ്ഥാനങ്ങൾക്കിടയിലുള്ള യാത്രാ സമയം 10 മുതൽ 25 മിനിറ്റ് വരെ വ്യത്യാസപ്പെടുമെന്നാണ് ആർടിഎ പ്രതീക്ഷിക്കുന്നത്. ദുബൈ അർബൻ മാസ്റ്റർ പ്ലാൻ 2040 പ്രകാരം ചുറ്റുമുള്ള പ്രദേശങ്ങളുടെ ജനസംഖ്യാ വളർച്ച 10 ലക്ഷം ആളുകളിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് ദുബൈ മെട്രോ ബ്ലൂ ലൈൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അൽ തായർ പറഞ്ഞു. ഇത് മെട്രോയുടെ ചുവപ്പ്, പച്ച ലെയ്നുകളുമായി സംയോജിപ്പിക്കുന്നു.