ദുബായ് ഗ്ലോബൽ വില്ലേജിലെ “ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയം” വളരെ പ്രശസ്തമാണ്. അത്യപൂര്‍വ വസ്തുക്കളുടെ അദ്ഭുത കലവറയാണ് ഈ മ്യൂസിയം. ലോകത്തെമ്പാടും നിന്നുള്ള പുരാവസ്തുക്കൾ, ചരിത്രം ഉറങ്ങുന്ന ശേഷിപ്പുകൾ, അവിശ്വസനീയമായ കൗതുകനിർമ്മാണങ്ങള്‍ എന്നിവയെല്ലാമാണ് ഇവിടെയൊരുക്കിയിട്ടുളളത്. 1918 ല്‍ മികച്ച കായികമത്സരങ്ങളുടെ കാര്‍ട്ടൂണ്‍ വരച്ചുതുടങ്ങിയ വ്യക്തിയായിരുന്നു അമേരിക്കകാരനായ റോബർട്ട് റിപ്ലി യാണ് ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയത്തിന്റെ സ്ഥാപകൻ. കാര്‍ട്ടൂണുകള്‍ ജനശ്രദ്ധയാകര്‍ഷിച്ചതോടെ റിപ്ലി 1933 ല്‍ ചിക്കാഗോ വേള്‍ഡ് ഫെയറില്‍ തന്റെ ആദ്യ മ്യൂസിയം തുറന്നു. പിന്നീട് ലോകത്തെങ്ങും കാഴ്ചയുടെ വിരുന്നൊരുക്കി റിപ്ലിയുടെ മ്യൂസിയങ്ങള്‍ വ്യാപകമായി. റിപ്ലി ശേഖരിച്ച വ്യക്തിഗത പുരാവസ്തുക്കളും ഈ പ്രദർശനത്തിലുണ്ട്

എരിഞ്ഞണഞ്ഞ പതിനായിരക്കണക്കിന് സിഗരറ്റുകൊണ്ട് നിർമ്മിച്ച ശവപ്പെട്ടിയാണ് മ്യൂസിയത്തിൽ ആദ്യം കാണുക . ജീവിതം സിഗരറ്റ് പുകച്ച് നശിപ്പിക്കുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ ആണ് ഡി ബി ഹെൻഗൽ നിർമ്മിച്ച ഈ ശവപ്പെട്ടി. അരികിൽ തന്നെ കൗതുകമായി ചില്ലുകൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന പതിയായിരക്കണക്കിന് തീപ്പെട്ടിക്കോലുകള്‍കൊണ്ടുനിർമ്മിച്ച ചൈനീസ് പഗോഡയും ഉണ്ട്.കണ്ണാടിക്കൂട്ടിൽ തൂങ്ങിയാടുന്ന മനുഷ്യന്റെ തലകൾ അവിശ്വസനീയമെന്നു തോന്നാം എന്നാൽ ഇത് യാഥാർത്ഥ മനുഷ്യന്റെ തല തന്നെയാണ്. യുദ്ധത്തിൽ കൊലചെയ്ത എതിരാളിയുടെ തലകൾ വെട്ടിയെടുക്കുന്ന ഇക്വഡോറിലെജനതയുടെ പുരാതനമായ വന്യമായ ആചാരത്തിന്റെ നേർസാക്ഷ്യമാണിത്. ഇത് പ്രത്യേകപ്രക്രിയയിലൂടെ കേടുവരാതെ സൂക്ഷിക്കുന്നതാണ്. രണ്ടുതലയുമായി ജനിച്ച പശിക്കിടാവിന്റെയും, അഞ്ചു കാലുകളുമായി ജനിച്ച ആട്ടിൻകുട്ടിയുടെ രൂപവുമെല്ലാം സ്റ്റഫ് ചെയ്ത് ജീവൻ തുടിക്കുന്ന രീതിയിൽ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കൊമോഡോ ഡ്രാഗണിന്റെ പൂര്‍ണ അസ്ഥികൂടം തുടങ്ങി വിവിധ ജന്തുവർഗ്ഗങ്ങളുടെ അസ്ഥികൂടങ്ങളും ഇവിടെ കാണാം.

ഡയാന രാജകുമാരിയെ ഒരു സൂചിമുനയിൽ നിർമ്മിച്ചിരിക്കുന്ന അപൂർവ്വകാഴ്ചയുമുണ്ട്. നഗ്‌നനേത്രങ്ങൾകൊണ്ട് നോക്കിയാൽ ഒരു തരിയായിപോലും കാണാൻസാധിക്കാത്ത ഈ നീല ഗൗൺ ധരിച്ച രാജയകുമാറിയ കാണാൻ സൂക്ഷ്മദർശനിയിലൂടെ തന്നെ നോക്കണം. ഇന്നുവരെ ജീവിച്ചതില്‍ വച്ചേറ്റവും ഉയരമുള്ള മനുഷ്യൻ റോബർട്ട് വാഡ്ലോയുടെ പൂർണ്ണ പ്രതിമയും കാണാം. ഇരുപത്തിരണ്ടാം വയസില്‍ മരണം വാഡ്‍ലോയെ തട്ടിയെടുക്കുമ്പോൾ എട്ടടി 11.1 ഇഞ്ച് ഉയരമായിരുന്നു വാഡ്‍ലോയ്ക്ക് ഉണ്ടായിരുന്നത്. 1940 ല്‍ 22 ആം വയസില്‍ അദ്ദേഹം മരിക്കുന്നതുവരെ ധരിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ ഷൂസും ഇവിടെ ഇവിടെ ഉണ്ട്. വാഡ്‍ലോയുടെ ജീവിതചരിത്രവും പ്രദർശിപ്പിക്കുന്നുണ്ട്.

ഏറ്റവും കൂടുതല്‍ ശരീരഭാരമുണ്ടായിരുന്ന വാല്‍ട്ടർ ഹഡ്സന്‍ , ഏറ്റവും ഉയരം കൂറഞ്ഞ ലൂസിയ സരാട്ടെ, തുടങ്ങി, വ്യത്യസ്തതകൊണ്ട് ചരിത്രം എഴുതിയവരുടെയും ഓർമ്മകൾ ഇവിടെ നിറയുന്നുണ്ട്.
രത്നങ്ങൾ കൊണ്ടുണ്ടാക്കിയ കൊട്ടാരം, 250,000-ലധികം മുള ടൂത്ത്പിക്കുകൾ കൊണ്ട് നിർമ്മിച്ച ചൈനീസ് ടൂത്ത്പിക്ക് കൊട്ടാരം, ടോയ്‌ലറ്റ് പേപ്പറുകൊണ്ടും, പെപ്സിബോട്ടിൽ കൊണ്ട് നിർമ്മിച്ച വിവാഹ വസ്ത്രങ്ങൾ, അങ്ങനെ അവിശ്വസനീയം എന്ന് തോന്നുന്ന യാഥാർഥ്യങ്ങളുടെ ഒരു കൂട്ടം കാഴ്ചകളുണ്ടിവിടെ. 4801 കമ്പ്യൂട്ടർ കീബോർഡുകൾ കൊണ്ട് ഡോ പവൽ നിർമ്മിച്ച എബ്രഹാം ലിങ്കന്റെ ചിത്രവും ഇവിടെ ഉണ്ട്. ഉപയോഗശൂന്യമായ ഡോളറുകൾകൊണ്ട് നിർമ്മിച്ച ശിൽപവും കൗതുകമാണ് . എന്നാൽ ആ ഡോളറുകളുടെ മൂല്യം കണക്കാക്കിയാൽ ഈ ശില്പത്തിന് കോടികളുടെ വിലമതിക്കും. മ്യാന്‍മറിലെ കയാന്‍ വിഭാഗത്തില്‍ പെടുന്ന സ്ത്രീകള്‍ കഴുത്തിന് കുറുകെ വലിയ ഭാരമുളള ചെമ്പ് വളയങ്ങള്‍ ധരിക്കുന്നതിന്റെ മാതൃകയും ചുണ്ടിൽ ഇടുന്ന വളയവും എല്ലാം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ചേംബർ ഓഫ് ഹൊറേഴ്സും മ്യൂസിയത്തിന്‍റെ ഭാഗമായുണ്ട്. ദക്ഷിണേഷ്യൻ ഗോത്രങ്ങളിൽ നിന്നുള്ള മഴു, കഠാര തുടങ്ങിയ ആയുധങ്ങളും ചേംബർ ഓഫ് ഹൊറേഴ്സിലുണ്ട്. ഒന്നാം ലോകമഹായുദ്ധസമയത്ത് ഫോക്‌സ്‌ഹോളുകളിൽ കുടുങ്ങിയ സൈനികർ രൂപകല്പന ചെയ്ത ട്രെഞ്ച് ആർട്ട് ബുള്ളറ്റ്, ചൈനയില്‍ ഉണ്ടായിരുന്ന ശിക്ഷയായ തുറന്ന തീയിൽ ചുട്ടുപൊള്ളിക്കുന്നതെല്ലാം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിപുരാതന പീഠന രീതികളുടെ മനം മടുപ്പിക്കുന്ന കാഴ്ചകൾ കണ്ടു കഴിഞ്ഞാൽ പിന്നെ പ്രതീക്ഷയുടെ പുത്തൻ ലോകമാണ്. ശാസ്ത്രം എത്ര വളർന്നുവെന്നതിന്റെ നേർചിത്രം. ബഹിരാകാശത്ത് നിന്നുള്ള ആകർഷണങ്ങളും ശേഖരങ്ങളും പ്രദർശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൈ ലാബിന്റെ മാതൃകയും ഉൽക്കയുടെ അവശിഷടങ്ങളും എല്ലാം ഇവിടെ ഉണ്ട്. യുഎഇയുടെ ബഹിരാകാശ പര്യവേഷണത്തിന്‍റെ ഓർമ്മയ്ക്കായുളള പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇനി ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നതിന്റെ അനുഭവം എന്താകുമെന്നറിയാൻ ഈ വോടെക്സ് തണലിലൂടെ കടന്നുപോവാനും കഴിയും. നിർദേശങ്ങൾ നൽകിയാണ് ഇതിലൂടെ കടത്തിവിടുക. അങ്ങനെ ദുബായ് ഗ്ലോബൽ വില്ലേജിലെ ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയം സന്ദർശകരോട് പറയും ഇതെല്ലം വിശ്വസിച്ചേ മതിയാവൂ…..