ഷാർജാ വായനോത്സവത്തിൽ എത്തിയപ്പോൾ വലിയ ആവേശമാണ് ഇവിടെ എന്നും വളരെയധികം സന്തോഷത്തിലാണ് താനെന്നും ഭോപ്പാൽ സ്വദേശിനിയായ സാറ പറഞ്ഞു. പുസ്തകങ്ങൾ തനിക്കു ഊർജ്ജ്മാണ് എന്നും എത്ര വായിച്ചാലും തനിക്ക് മടുക്കില്ലെന്നും ഈ ആറാം ക്ലാസുകാരി പറഞ്ഞു. വായന കഴിഞ്ഞാൽ പിന്നെ ഇഷ്ടം പെയിന്റിങ്ങുകളോടാണ്. വീട്ടിൽ ഇരുന്നു ചിത്രങ്ങൾ വരക്കാറുണ്ടെന്നും ഇവിടെ പെയിന്റിംഗ് കണ്ടപ്പോൾ ഓടി എത്തിയതാണെന്നും പറഞ്ഞു.

തന്റെ വീട്ടിൽ വലിയൊരു ലൈബ്രറി ഉണ്ടെന്നും രണ്ടായിരത്തിലധികം പുസ്തകങ്ങൾ തന്റെ കയ്യിലുണ്ടെന്നും ഈ കൊച്ചുമിടുക്കി പറഞ്ഞു. ഇതിൽ എല്ലാത്തരത്തിലുമുള്ള പുസ്തകങ്ങൾ അടങ്ങിയിട്ടുണ്ട്. സാങ്കല്പിക മാന്ത്രിക നോവൽ പരമ്പരയായ ഹാരി പോട്ടർ, സാഹസികത ഉള്ളടക്കമായ പുസ്തകങ്ങൾ എല്ലാം തനിക്ക് പ്രിയപ്പെട്ടതാണെന്നും ഈ വായനോത്സവം വലിയൊരു അനുഭവമാണ് സമ്മാനിക്കുന്നതെന്നും സാറ പറയുന്നു.
ഈ മാസം 4 വരെ ഷാർജ എക്സ്പോ സെന്ററിൽ ‘പുസ്തകങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങാം’ എന്ന പ്രമേയത്തിലാണ് വായനോത്സവം നടക്കുന്നത്. 70 രാജ്യങ്ങളിൽ നിന്നുള്ള 133 അതിഥികൾ പങ്കെടുക്കുന്നു. പ്രവേശനം സൗജന്യമാണ്.