കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കുട്ടികൾ ഇക്കുറി വായനോത്സവത്തിന് എത്തിയെന്ന് പ്രസാധകർ പറയുന്നു. ആളുകൾ കൂടുതലായി വായനോത്സവത്തെക്കുറിച്ച് അറിഞ്ഞുതുടങ്ങിയതിന് തെളിവാണ് ജനത്തിരക്കെന്നും യുഎഇയിലെ പ്രസാധകരായ ദാർ ഷംസ് പബ്ലിഷിംഗ് സ്റ്റാളിലെ അബ്ദുൽസീസ് പറയുന്നു.

കോമിക് പുസ്തകങ്ങളോടാണ് കുട്ടികൾക്ക് പ്രിയമെന്നും എങ്കിലും എല്ലാത്തരം പുസ്തങ്ങൾ അന്വേഷിച്ചും കുട്ടികൾ എത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഷംസ് പബ്ലിഷിംഗ് സ്റ്റാളിൽ കുട്ടികൾക്കായി ധാരാളം പുസ്തകങ്ങൾ എത്തിച്ചിട്ടുണ്ടെന്നും അവയിൽ എങ്ങനെ വായിക്കണമെന്നും എങ്ങനെ എഴുതണം എന്നും പരിശീലിപ്പിക്കുന്ന പുസ്തകങ്ങൾ ഉൾപ്പെടെയാണ് എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2 വയസുമുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള എല്ലാവിധ പുസ്തകങ്ങളും ഇവിടെ ലഭിക്കുമെന്നും അബ്ദുൽസീസ് കൂട്ടിച്ചേർത്തു. നോവൽ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ വലിയ കുട്ടികൾക്കായി എത്തിച്ചിട്ടുണ്ട്.

മാതാപിതാക്കൾ പുസ്തകമേളയുടെ പ്രാധാന്യം കൂടുതൽ മനസിലാക്കാൻ ഈ വായനോത്സവത്തിലൂടെ സാധിക്കുന്നണ്ടെന്നും പുതിയ ഇലക്ട്രോണിക് വായനയെക്കാൾ കൂടുതൽ പ്രാധാന്യം പുസ്തകവായനക്ക് നൽകുന്നുണ്ടെന്നും പ്രസാധകർ പറയുന്നു. കുട്ടികൾ ഫോൺ ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങളിൽ താല്പര്യം കാണിക്കുമെങ്കിലും രക്ഷിതാക്കൾ അത് കണ്ടറിഞ്ഞു അവരെ വായനയുടെ ലോകത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്കായി മിനിഗെയിംസ് ഇവിടെ ഒരുക്കിയിട്ടുണ്ട്. കളിയിലൂടെ അറിവ് പകരുക എന്നതിന് പ്രധാന്യം നൽകിക്കൊണ്ട് സംവേദനാത്മക രീതിയിൽ കുട്ടികളെ വായനയിലേക്കും അറിവിലേക്കും നയിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.