രാജ്യത്തു വരുന്ന രണ്ടു ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്ത് ശക്തമായ മഴയും പ്രതികൂലമായ കാലാവസ്ഥയും പ്രതീക്ഷിക്കണമെന്നും മുന്നറിയിപിൽ പറയുന്നു. ന്യൂനമർദം ശക്തമാകുന്ന സാഹചര്യത്തിലാണ് കാറ്റിനും ഇടിമിന്നലോടെയുള്ള മഴക്കും സാധ്യതയുള്ളതായി അറിയിച്ചത്. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ച പുറത്തിറക്കിയ പ്രത്യേക അറിയിപ്പിലാണ് മഴ മുന്നറിയിപ്പ് നൽകിയത്.
അന്തരീക്ഷം മൂടിക്കെട്ടി നിൽക്കാൻ സാധ്യതയുള്ളതിനാൽ വാഹന ഡ്രൈവർമാർ റോഡുകളിൽ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പകൽ വരെ രാജ്യത്തിന്റെ എല്ലാ എമിറേറ്റുകളിലും ശക്തമായ മഴക്കും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വെള്ളം നിറയുന്ന വാദികളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും ദേശീയ ദുരന്തനിവാരണ സമിതി നിർദേശം നൽകി.