ജീവയെ നായകനാക്കി മലയാളിയായ നിധീഷ് സഹദേവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘തലൈവർ തമ്പി തലൈമയിൽ’തീയേറ്ററുകളിൽ എത്തി. ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതോടെയാണ് ‘തലൈവർ തമ്പി തലൈമയിൽ’ നേരത്തെ തിയേറ്ററുകളിലെത്തിയത്. ജനുവരി 30ന് തിയേറ്ററുകളിലെത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പൊങ്കൽ ആഘോഷമാക്കാനിരുന്ന പ്രേക്ഷകർക്ക് ആസ്വദിക്കാൻ കൂടിയാണ് നേരത്തെ ചിത്രം പുറത്തിറക്കിയതെന്ന് ചിത്രത്തിൻറെ നിർമ്മാതാവ് കണ്ണൻ രവി പറഞ്ഞു. രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയാണെങ്കിലും ഒരു കട്ടുമില്ലാതെയാണ് സിനിമ സെൻസറിങ് പൂർത്തിയാക്കിയതെന്ന് ദുബൈയിലെ വ്യവസായി കൂടിയായ കണ്ണൻ രവി കൂട്ടിച്ചേർത്തു. ദുബായില്‍ തലൈവർ തമ്പി തലൈമയിലിന്‍റെ പ്രദർശനത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു കണ്ണന്‍ രവി
ഈ വർഷം ബിഗ് ബജറ്റ് ചിത്രങ്ങൾ ഉൾപ്പെടെ 15ഓളം സിനിമകൾ നിർമ്മിക്കുമെന്നും ഇതിൽ മൂന്നെണ്ണം മലയാളമാണെന്നും കണ്ണൻ രവി പറഞ്ഞു. മലയാളം സിനിമയിൽ സുരേഷ് ഗോപിയെ നായകനാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
‘ഫാലിമി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിധീഷ് സഹദേവന്റെ ആദ്യ തമിഴ് ചിത്രമാണ് ടി.ടി.ടി അഥവാ ‘തലൈവർ തമ്പി തലൈമയിൽ’.
ഒരു ഇടവേളയ്ക്ക് ശേഷമുള്ള നടൻ ജീവയുടെ തിരിച്ചുവരവ് സിനിമ കൂടിയാണിത്. തമിഴ്‌നാട്ടിൽ ആദ്യ ദിനം മികച്ച കളക്ഷൻ ആണ് സിനിമ നേടിയിരിക്കുന്നത്. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്.

