കൗമാരക്കാരുടെ ജീവശാസ്ത്രപരമായ പ്രത്യേകതയാണ് ജീവിതത്തിൽ കൂടുതൽ സ്വാതന്ത്ര്യംതേടിയുള്ള യാത്രയെന്ന് ബ്രിട്ടീഷ് എഴുത്തുകാരിയും അന്താരാഷ്ട്ര പ്രഭാഷകയുമായ നിക്കോള മോർഗൻ. ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ “അൺലോക്കിങ് ദി ടീനേജ് മൈൻഡ് എന്ന വിഷയത്തിൽ കുട്ടികളോടും രക്ഷിതാക്കളോടും സംവദിക്കുകയായിരുന്നു നിക്കോള മോർഗൻ. കൗമാരമനസ്സുകൾ കൂടുതൽ സമ്മർദവും ഉത്കണ്ഠയും പ്രകടിപ്പിക്കാനുള്ള കാരണങ്ങളും സംവാദത്തിൽ അവർ വിശദീകരിച്ചു. ബുദ്ധിവികാസിക്കുന്ന കൗമാര കാലഘട്ടത്തിൽ മനസ്സുകൾ കൂടുതൽ പ്രക്ഷുബ്ധമാകുമെന്നും, ഇരുപത് വയസാവുമ്പോൾ കുട്ടികളുടെ സ്വഭാവരൂപവത്കരണത്തിൽ മാറ്റം കാണാൻ സാധിക്കുമെന്നും അവർ പറഞ്ഞു.

സാമൂഹികമാധ്യമങ്ങളുടെ അതിപ്രസരം കുട്ടികളിൽ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും കൂടാതെ തലച്ചോറിന്റെ പ്രവർത്തനങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ കുട്ടികളുടെ സ്വഭാവങ്ങളിലും കാണാൻ സാധിക്കും മെന്നും അവർ ഓർമ്മിപ്പിച്ചു. സാമൂഹികസ്വീകാര്യതകൾക്ക് വലിയ വില കല്പിക്കുന്നവരാണ് കുട്ടികൾ. സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള ചിന്തകൾ കൗമാര പ്രായത്തിൽ കുട്ടികൾക്കുണ്ടാവാറുണ്ട്. അത്തരം കുട്ടികൾ സ്വന്തം കുടുംബത്തെക്കാൾ വലുതായി സൗഹൃദവുമായി ചേരുമെന്നും മാതാപിതാക്കളുടെ സ്നേഹവലയത്തിൽനിന്ന് സൗഹൃദത്തിന്റെ വിശാലലോകം തേടിപ്പോകാൻ ആഗ്രഹിക്കുന്നതായി കാണുന്നുവെന്നും അവർ പറഞ്ഞു.