ദുബായ്; 2026 പുതുവർഷാഘോഷങ്ങൾക്കായി ദുബായിൽ പൊതുഗതാഗതത്തെ ആശ്രയിച്ചത് 28 ലക്ഷത്തിലേറെ യാത്രക്കാരെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി. 2,836,859 യാത്രക്കാരാണ് പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിവ്യക്തമാക്കി. ഇത് കഴിഞ്ഞ വർഷത്തെക്കാൾ 13 ശതമാനം വർധനവാണെന്നും ആർ.ടി.എ പറഞ്ഞു.

ഏറ്റവും കൂടുതൽ പേർ ആശ്രയിച്ചത് ദുബായ് മെട്രോയെയാണ്. റെഡ്, ഗ്രീൻ ലൈനുകളിലായി 12 ലക്ഷത്തിലേറെ പേർ യാത്ര ചെയ്തു. അഞ്ച് ലക്ഷത്തിലധികം പേർ പൊതുബസ്സുകളെയും ആറ് ലക്ഷത്തിലധികം പേർ ടാക്സികളെയും ഉപയോഗപ്പെടുത്തി. ദുബൈ ട്രാം 58,052പേർ ഉപയോഗിച്ചു. അതേസമയം ടാക്സികൾ ആറുലക്ഷത്തിലേറെ പേർ ഉപയോഗപ്പെടുത്തി. 76,745പേർ വിവിധ സമുദ്ര ഗതാഗത സംവിധാനങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

വൻ ജനത്തിരക്ക് കണക്കിലെടുത്ത് ദുബായ് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റിയുമായി സഹകരിച്ച് ആർടിഎ ഏർപ്പെടുത്തിയ പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും റോഡ് അടയ്ക്കൽ നടപടികളും യാത്ര സുഗമമാക്കാൻ സഹായിച്ചു. കൃത്യമായ പ്ലാനിങ്ങിലൂടെയും തന്ത്രപരമായ ഏകോപനത്തിലൂടെയും വൻ തിരക്കിനിടയിലും യാതൊരു തടസ്സവുമില്ലാതെ പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

