ദുബായ്: ലോകത്തെ തന്നെ വലിയ രണ്ടാമത്തെ സൗന്ദര്യ സലൂണ്‍ ശൃംഖലയായ നാച്ചുറല്‍സ് ദുബായിൽ 800-ാം സലൂൺ ഉദ്ഘാടനം ചെയ്തു. ദുബായ് ബുർജുമാൻ മാളിലാണ് പുതിയ സലൂൺ പ്രവർത്തനം തുടങ്ങിയത്. ജിസിസി മേഖലയിലുടനീളമുള്ള വിപുലീകരണത്തിനായി കമ്പനി 200 കോടി ദിർഹം മുതൽ മുടക്കാൻ പദ്ധതിയിട്ടതായി അധികൃതർ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഎഇയില്‍ അബുദബി, കരാമ, ഊദ് മേത്ത, ബുർജുമാന്‍ ഉള്‍പ്പടെ 10 ഇടങ്ങളിലാണ് നിലവില്‍ സേവനം ലഭ്യമാകുക. കൂടാതെ ഖിസൈസിലും ജുമൈറയിലും ഉടൻ പ്രവർത്തനം ആരംഭിക്കും.
ഇന്ത്യയിൽ 2000-ൽ സ്ഥാപിതമായ ‘നാചുറൽസ് ഗ്രൂപ്പിന് ഇന്ന് 800-ത്തിലധികം ശാഖകളുണ്ട്. ഉയർന്ന നിലവാരമുള്ള, സേവനങ്ങൾ യുഎഇയിൽ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് കമ്പനി സിഇഒയും കോ ഫൗണ്ടറുമായ സി. കെ. കുമാരവേൽ പറഞ്ഞു. നിലവിൽ യുഎഇയിൽ 10-ത്തിലധികം സലൂണുകൾ പ്രവർത്തിക്കുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിസിസിയിലെ വിവിധ രാജ്യങ്ങളിൽ 100 പുതിയ ശാഖകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ മേഖലയില്‍ പ്രവർത്തിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് സർട്ടിഫൈഡ് കോഴ്സുകള്‍ പരിശീലിപ്പിക്കുന്ന അത്യാധുനിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങും. 2000 ത്തിലധികം ജോലികള്‍ ഇതോടെ ലഭ്യമാക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യ, ശ്രീലങ്ക,സിംഗപൂർ,യുഎഇ, ഖത്തർ എന്നിവിടങ്ങളിലായുളള നാച്ചുറല്‍സിന്‍റെ 800 സലൂണുകളിൽ 500 ലധികവും സ്ത്രീ ഉടമസ്ഥതയിലാണ്.
യുഎഇയിലെ എല്ലാ ശാഖകളിലും നാചുറൽസ് പ്രത്യേക ഓഫറുകളും സൗജന്യ കൺസൾട്ടേഷനും നൽകുന്നുണ്ട്. എന്നാൽ മീസോ, പി ആർ പി തുടങ്ങിയ സേവനങ്ങൾ ഉണ്ടായിരിക്കില്ലെന്നും സി. കെ. കുമാരവേൽ പറഞ്ഞു. അതാത് കാലാവസ്ഥക്ക് അനുയോജ്യമായ ലോകോത്തര ബ്രാൻഡുകൾ ആണ് തങ്ങൾ ഉപയോഗിക്കുന്നതെന്നും ഗുണമേന്മയുളള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതുവഴിയാണ് സേവനത്തിന്‍റെ നിലവാരം സ്ഥാപനം ഉറപ്പാക്കുന്നതെന്നും സി കെ കുമാരവേല്‍ പറഞ്ഞു.