പുസ്തകമേളയുടെ ഏഴാം നമ്പർ ഹാളിൽ ഏവരെയും ആകർഷിക്കുകയാണ് ഖുർആൻ പകർത്തിയെഴുതി മലയാളി വീട്ടമ്മയായ ജലീന. 30 കിലോ ഭാരമുള്ള പുസ്തകത്തിൽ 604 പേജുകളിൾ 114 അദ്ധ്യായങ്ങൾ ആണ് പകർത്തി എഴുതിയിരിക്കുന്നത്. ഒരു വർഷം എടുത്താണ് കാലിഗ്രാഫിപേന ഉപയോഗിച്ച് ജലീന പകർത്തി എഴുതിയത്. തൃശൂർ വടക്കാഞ്ചേരി സ്വദേശിനിയാണ് ജലീന. ജലീന ആദ്യമായാണ് ഷാർജ പുസ്തകമേളയിൽ എത്തുന്നത്
ഇതിനോടകം നാല് റെക്കോഡുകൾ ഈ പകർത്തെഴുത്തുപുസ്തകത്തിന് ലഭിച്ചുകഴിഞ്ഞു. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ടൈംസ് വേൾഡ് റെക്കോർഡ്, അറേബ്യൻ വേൾഡ് റെക്കോർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മൂന്നു വർഷം മുൻപാണ് ഈ വലിയ പുസ്തകം ജലീന പൂർത്തിയാക്കിയത്.
ഉറുദു അദ്ധ്യാപികയായിരുന്ന ജലീനക്ക് കുട്ടിക്കാലത്ത് അറബി അറിയുമായിരുന്നില്ല. പിന്നീട് വിവാഹശേഷം ഭർത്താവിന്റെ സഹായത്തോടെ അറബിഭാഷ സ്വായത്തമാക്കി. ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ കിട്ടുന്ന ഒഴിവുസമയങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഈ വീട്ടമ്മ പരിശുദ്ധ ഗ്രന്ഥം പകർത്തിയെഴുതിയത്. തന്റെ കുടുംബം മാത്രമാണ് ഇതിനായി പിന്തുണച്ചിട്ടുള്ളതെന്നും തന്റെ നാട്ടുകാർ ആരും തന്നെ മൂന്ന് വർഷമായി ഈ വലിയ ഗ്രന്ഥം കാണുവാനോ പ്രോത്സാഹിപ്പിക്കാനോ എത്തിയില്ല എന്ന പരിഭവവും ജലീന പങ്കുവച്ചു.