ഷാർജ ലേബർ സ്റ്റാൻഡേർഡ്സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ കിഴക്കൻ പ്രദേശങ്ങളിൽ കനത്ത ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള ആരോഗ്യബോധവത്‌കരണ ക്യാംപെയിനുകള്‍ ആരംഭിച്ചു. അൽ ദൈദ് ഏരിയയിൽ ആണ് ഷാർജ എല്‍ എസ് ഡി എ ആരോഗ്യ ബോധവത്‌കരണ ക്യാംപെയിനുകള്‍ തുടക്കമിട്ടത്. ഷാർജ ദൈദ് എക്സ്പോ സെന്‍ററിലായിരുന്ന പരിപാടി. “നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യ”മെന്നതാണ് ക്യാംപെയിന്‍ മുന്നോട്ടുവയ്ക്കുന്ന സന്ദേശം.
യു എ ഇ യിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കടുത്ത ചൂടില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ഉച്ച വിശ്രമനിയമം നടപ്പിലാക്കിയിട്ടുണ്ട്. ചൂട് കൂടുന്നത് മൂലമുണ്ടാകുന്ന ആരോഗ്യാവസ്ഥകളെ സംബന്ധിച്ചുളള ബോധവത്‌കരണം ലക്ഷ്യമിട്ട് എല്‍ എസ് ഡി എ ജൂണ്‍ 15 മുതല്‍ ഹീറ്റ് എക്സോസ്ഷന്‍ ക്യാംപെയിനും നടത്തുന്നുണ്ട് .ഇതിന്‍റെ ഭാഗമായാണ് ആരോഗ്യ സംരക്ഷണ ബോധവത്‌കരണ പരിപാടിയും സംഘടിപ്പിച്ചത്. അല്‍ ദൈദ് മേഖലയില്‍ നടന്ന ആദ്യ പരിപാടിയില്‍ എൽഎസ് ഡി എ ചെയർമാൻ സലേം യൂസഫ് അൽ ഖസീറും മുതിർന്ന എൽഎസ് ഡി എ ഉദ്യോഗസ്ഥരും പങ്കെടുത്തു. ചൂടേല്‍ക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്നത് സംബന്ധിച്ച് തൊഴിലാളികളെ ബോധവത്‌കരിക്കുമെന്നും ഇതിനായി ശില്‍പശാലകള്‍ നടത്തുമെന്നും എല്‍ എസ് ഡി എ ചെയർമാൻ സലേം യൂസഫ് അൽ ഖസീർ പറഞ്ഞു.
എൽഎസ്ഡിഎയിൽ നിന്നുള്ള ടീമുകൾ അൽ ദൈദ് പ്രദേശത്തെ തൊഴിലാളികളെ സൂര്യാഘാതത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും അത് തടയുന്നതിനുള്ള വഴികളെക്കുറിച്ചും ബോധവത്‌കരിക്കാൻ ലക്ഷ്യമിട്ട് സൈറ്റ് സന്ദർശനങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്. ഉച്ചസമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ തൊഴിലാളികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബോധവത്‌കരണബുക്കുകളും സമ്മാനങ്ങളും തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു.
ജൂൺ 15 മുതൽ സെപ്തംബർ 15 വരെ ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഉച്ചവിശ്രമനിയമം എന്ന തീരുമാനത്തെ അതോറിറ്റി അഭിനന്ദിച്ചു. കഠിനമായ വേനൽച്ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനും സേവനങ്ങൾ നൽകാനുമാണ് ഈ നടപടി ലക്ഷ്യമിടുന്നത്. കനത്തചൂടിൽ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് തൊഴിലാളികൾക്ക് അവബോധം വർദ്ധിപ്പിക്കുക, ഉയർന്ന താപനിലയെ നേരിടാൻ സജ്ജരാക്കുക, ഉച്ചസമയത്ത് ജോലി നിരോധിക്കുന്ന നിയമം കർശനമായി പാലിക്കുന്നത് ഉറപ്പാക്കുക, ആത്യന്തികമായി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ഈ തീരുമാനം നടപ്പിലാക്കുന്നത് വഴി തൊഴിലാളികളുടെ ജീവിത നിലവാരവും ജോലിയുടെ ഗുണനിലവാരവും ഗണ്യമായി മെച്ചപ്പെടുത്തി, ചൂടിൽ നിന്നും ക്ഷീണത്തിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കാനും സഹായകരമാവും.