സ്വകാര്യ ട്യൂഷനുകൾക്ക് യുഎഇയിൽ ലൈസൻസ് നിർബന്ധമാക്കി. സ്വകാര്യ ട്യൂഷനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് പുതിയ നിയമം പ്രഖ്യാപിച്ചത്. മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. ക്ലാസ് മുറിക്ക് പുറത്ത് അധ്യാപകർ അനധികൃതമായി വിദ്യാർഥികൾക്ക് സ്വകാര്യ ട്യൂഷൻ എടുക്കുന്നത് തടയുകയും പഠനനിലവാരം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച ട്യൂഷൻ ലഭിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനുമായാണ് പുതുയ നിയമം കൊണ്ടുവന്നത്. പെർമിറ്റില്ലാതെ സ്വകാര്യ ട്യൂഷൻ നടത്തിയാൽ പിഴയീടാക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. യോഗ്യരായ പ്രഫഷനൽ അധ്യാപകർക്ക് വ്യക്തിപരമായും ഗ്രൂപ്പുകളായും സ്വകാര്യ ട്യൂഷൻ പെർമിറ്റ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും ഉൾക്കൊള്ളുന്നതാണ് പുതിയ നിയമം.
യോഗ്യരായ അധ്യാപകർക്ക് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി പെർമിറ്റിനായി അപേക്ഷ സമർപ്പിക്കാം. ഇതിനായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സർവിസ് ടാബ് ക്ലിക് ചെയ്ത് പ്രൈവറ്റ് ടീച്ചർ വർക്ക് പെർമിറ്റ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം. വ്യക്തിപരമായും ഓൺലൈനായും ട്യൂഷൻ എടുക്കുന്നതിന് ഒരു ലൈസൻസ് മതി. ഒരു ട്യൂട്ടർക്ക് ക്ലാസെടുക്കാവുന്ന വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടില്ല. പെർമിറ്റിനായുള്ള അപേക്ഷ ഒരിക്കൽ നിരസിച്ചാൽ ആറു മാസത്തിനുശേഷം വീണ്ടും സമർപ്പിക്കാം.
അപേക്ഷ സമർപ്പിച്ചാൽ അഞ്ച് പ്രവൃത്തിദിനത്തിനുള്ളിൽ പെർമിറ്റ് ലഭിക്കും. മന്ത്രാലയം അംഗീകരിച്ച മാർഗനിർദേശം അടങ്ങിയ രേഖയിൽ ഒപ്പിട്ടുനൽകിയാൽ രണ്ടുവർഷത്തേക്ക് സൗജന്യമായാണ് പെർമിറ്റ് അനുവദിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. പാസ്പോർട്ട്/എമിറേറ്റ്സ് ഐ.ഡി, പ്രവൃത്തി പരിചയ സർട്ടിഫിറ്റ്, ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, സ്വഭാവ സർട്ടിഫിക്കറ്റ്, തൊഴിലുടമയിൽനിന്നുള്ള സമ്മതപത്രം, ട്യൂഷൻ ആഗ്രഹിക്കുന്ന വിദ്യാർഥിയുടെ രക്ഷാകർത്താവിൽനിന്നുള്ള സമ്മതപത്രം എന്നിവ ആവശ്യമാണ്.