സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിന് കൂടുതൽ മാനങ്ങൾ നൽകി ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണയായി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ഇന്ന് നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിൽ എത്തിയത്. ഇന്ന് രാവിലെ യു എ ഇ യിലെത്തിയ പ്രധാനമന്ത്രിക്ക് അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ നൽകിയ ഔപചാരിക സ്വീകരണത്തിന് ശേഷമായിരുന്നു ഇന്ത്യ യുഎഇ ഉഭയകക്ഷി ചര്‍ച്ച നടന്നത്. ഇരു രാജ്യങ്ങളുടെയും ഡിജിറ്റല്‍ പെയ്മെന്‍റ് സംവിധാനങ്ങളായ യുപിഐയും ഐപിപിയും പരസ്പരം ബന്ധിപ്പിക്കാനും ചര്‍ച്ചകളില്‍ ധാരണയായി.
ആര്‍ബിഐയും യുഎഇ സെന്‍ട്രല്‍ ബാങ്കും ഇതു സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പരസ്പര സഹകരണം ശക്തിപ്പെടുത്താനുള്ള വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ജി ട്വിന്റി ഉച്ചകോടിക്ക് മുൻപ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 10000 കോടിയിലേക്ക് എത്തിനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കഴിഞ്ഞ വർഷം ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവച്ച സാമ്പത്തിക പങ്കാളിത്ത കരാറിനു പിന്നാലെ വ്യാപാരത്തിൽ 20 ശതമാനം വളർച്ചയുണ്ടായെന്നും മോദി വ്യക്തമാക്കി.
ഡൽഹി ഐഐടി ഓഫ് ക്യാംപസ് അബുദാബിയിൽ സ്ഥാപിക്കാനും ഇരുരാജ്യവും തമ്മിൽ ധാരണയായി.
ഊർജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി കൂടുതൽ മേഖലകളിലേക്ക് പങ്കാളിത്തം വ്യാപിക്കാനുള്ള സാധ്യതകളും ചർച്ചയായി.
നേരത്തെ കോപ്പ് 28 നിയുക്ത പ്രസിഡന്റ് ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബറുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയിൽ നടക്കുന്ന ജി ട്വന്റി ഉച്ചകോടിയിലേക്ക് യുഎഇയെ ഔദ്യോഗികമായി ക്ഷണിച്ച മോദി യുഎഇ ആതിഥ്യം വഹിക്കുന്ന കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി.
ഫ്രാൻസിലെ രണ്ടുദിവസത്തെ സന്ദർശനത്തിന് ശേഷമാണ് ഒരു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെ പ്രധാനമന്ത്രി അബുദാബിയിൽ എത്തിയത്. പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് സ്വീകരിച്ചത്. തുടർന്ന് ഖസർ അൽ വതനിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ് മോദിയെ സ്വീകരിച്ചു. അധികാരമേറ്റതിനുശേഷമുള്ള മോദിയുടെ അഞ്ചാം യു.എ.ഇ. സന്ദര്‍ശനംകൂടിയാണിത്. ഇന്ന് വൈകീട്ടോടെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി.