ദുബൈ: ക്യാൻസർ ബാധിതരായ കുട്ടികളെയും അവരുടെ കുടുംബങ്ങളേയും പിന്തുണക്കുന്നതിനുവേണ്ടി വേറിട്ട സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷൻ അഭ്യുദയകാംക്ഷികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഗമം നടത്തി. അന്താരാഷ്ട്ര ബാല്യകാലഅർബുദ ദിനാചരണങ്ങളുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. ടുഗതർ വിത്ത് ഹോപ്പ് എന്ന പേരിൽ ദുബൈ അൽ സാഹിയ ഹാളിൽ നടന്ന പരിപാടിയിൽ 200ലധികം പേർ സംബന്ധിച്ചു. ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ ചെയർമാൻ ഹാരിസ് കാട്ടകത്ത്, കുട്ടികളുടെ കാൻസർ രോഗ ചികിത്സാ വിദഗ്ധൻ ഡോ. സൈനുൽ ആബിദീൻ, മുഹമ്മദ് ഷാഫി, റിയാസ് കിൽട്ടൻ, അഡ്വ. അജ്മൽ, അഡ്വ.ഹാഷിം അബൂബക്കർ, ഫാമീബ്, ജെഫു, സത്താർ മാമ്പ്ര തുടങ്ങിയവർ സംസാരിച്ചു.
ക്യാൻസറിനെ അതിജീവിച്ച് കലാരംഗത്ത് തിളങ്ങി നിൽക്കുന്ന ഗായിക അവനി തന്റെ ജീവിതാനുഭവങ്ങൾ ചടങ്ങിൽ പങ്കുവെച്ചു. അർഹരായ നിരവധി കുടുംബങ്ങളിലെ കാന്‍സര്‍ ബാധിതരായ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് ശ്രദ്ധേയരായവരാണ് ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍. ഇതിനകം 3500ലധികം കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഹോപിന്റെ സേവനം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കുട്ടികളിലെ കാന്‍സറിനെ അതിജീവിക്കാനുളള ഏറ്റവും മികച്ച സാധ്യതകള്‍ സൃഷ്ടിക്കുക എന്നതാണ് ‘ഹോപ്പ് സേവനമേഖലയില്‍ ലക്ഷ്യംവയ്ക്കുന്നത്. മികച്ചതും ഫലപ്രദവുമായ ചികിത്സ ഉറപ്പുവരുത്തുക, സുരക്ഷിതവും അണുബാധ വിമുക്തവുമായ താമസസൗകര്യങ്ങള്‍ ചികിത്സാവേളയില്‍ ഉറപ്പുവരുത്തുക, മികച്ച പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുക, സാമ്പത്തികവും മാനസികവുമായ പിന്തുണയും സഹായവും നൽകുക തുടങ്ങിയവയിൽ ശ്രദ്ധകേന്ദ്രീകരിച്ചാണ് ഹോപ്പിന്റെ സേവനങ്ങൾ നടന്നുവരുന്നത്.
2016 ല്‍ കോഴിക്കോടാണ് ഹോപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കാന്‍സര്‍ ബാധിരായ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗജന്യമായി സേവനം ചെയ്തായിരുന്നു ആദ്യകാല പ്രവര്‍ത്തനം. പിന്നീട് കാന്‍സര്‍ ബാധിരായ കുട്ടികളുടെ രക്ഷിതാക്കളുടെ അഭ്യര്‍ഥനപ്രകാരം ഹോപ്പിന്റെ പ്രവര്‍ത്തനം മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ കോഴിക്കോട്, മുക്കം, തലശ്ശേരി, തൃശൂർ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഹോപ്പിന്റെ ഹോപ്പ് ഹോംസുകൾ പ്രവർത്തിക്കുന്നുണ്ട്.ദുബൈ കേന്ദ്രമായാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിലവിൽ ഏകോപിപ്പിക്കുന്നത്. ഹോപിന്റെ സേവനം ആവശ്യമുള്ളവർ.0091 7902 4444 30 എന്ന നമ്പറിൽ ബന്ധപ്പെടാം. ജൈലാദ് അബ്ദുള്ള, കബീർ ടെലികോൺ,അസീസ് മണമ്മൽ, ഹക്കീം വാഴക്കാല, ഷെഫീൽ കണ്ണൂർ, ജിഹാസ്, ബഷീർ ബല്ലോ,തുടങ്ങിയവർ നേതൃത്വം നൽകി.