ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഗൾഫ് രാജ്യങ്ങൾ അപലപിച്ചു. ഗാസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് ജിസിസി രാജ്യങ്ങൾ ആവശ്യപ്പെട്ടു. 100 മില്യൺ അടിയന്തര സഹായം നൽകുമെന്നും ജിസിസി രാജ്യങ്ങൾ അറിയിച്ചു. ആക്രമണത്തെ സൌദി അറേബ്യ അപലപിച്ചു. ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോർദാൻ പ്രതികരിച്ചു.
ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ അൽ-അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ യുഎൻ ശക്തമായി അപലപിച്ചു.
അതേസമയം, ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിഷേധ കുറിപ്പിറക്കി. ഗാസയിലെ ഭീകരരാണ് ആശുപത്രി തകർത്തത് എന്നും ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണെന്നും ഇത് ലോകം മുഴുവൻ അറിയണം എന്നും കുറിപ്പിൽ വിശദീകരിക്കുന്നു. അൽ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രി ആക്രമിക്കപ്പെട്ട സമയത്ത് ഗാസയിൽ നിന്ന് തന്നെ നിരവധി റോക്കറ്റുകൾ ബോംബാക്രമണം തുടങ്ങിയിരുന്നുവന്നും അങ്ങനെയാകാം ആശുപത്രി ആക്രമിക്കപ്പെട്ടതെന്ന് ഇസ്രായേൽ സൈനിക വക്താവും അറിയിച്ചു.
മധ്യ ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിയിലാണ് അർധരാത്രിയോടെ ആക്രമണം നടന്നത്. സംഭവത്തിൽ 500-ലധികം പേർ കൊല്ലപ്പെട്ടതായും നിരവധിപേർ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. വീട് വിട്ട ആയിരങ്ങൾ സുരക്ഷിതമെന്ന് കരുതി അഭയം തേടിയ ആശുപത്രിയിലായിരുന്നു ആക്രമണം ഉണ്ടായത്. ചുരുങ്ങിയത് 4000 അഭയാർത്ഥികൾ എങ്കിലും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നാണ് റിപോർട്ടുകൾ.