ആരോഗ്യരംഗത്ത് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെയ്ത് ഹെൽത്ത് കെയർ ഗ്രൂപ്പിന് ഏറ്റവും മികച്ച തൊഴിലിടത്തിന് ലഭിക്കുന്ന ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക്’ പുരസ്കാരം ലഭിച്ചതായി അധികൃതർ അറിയിച്ചു. യുഎഇ ഫാർമസി റീടെയിൽ മേഖലയിൽ തന്നെ ആദ്യമായാണ് ഒരു സ്ഥാപനത്തിന് ഈ അവാർഡ് ലഭിക്കുന്നത് എന്നും വാർത്താസമ്മേളനത്തിൽ അധികൃതർ പറഞ്ഞു.
തൊഴിലിടങ്ങളിൽ ജീവനക്കാർ എത്രത്തോളം സന്തുഷ്ടരാണ് എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നിർണയിക്കുന്നത്. ലോകത്തെമ്പാടുമുള്ള ചെറുതും വലുതുമായ നൂറുകണക്കിന് കമ്പനികളിലെ ദശലക്ഷക്കണക്കിന് ജീവനക്കാരുടെ ഇടയിൽ നടത്തുന്ന സർവ്വേകളിലൂടെയാണ് അമേരിക്ക ആസ്ഥാനമായ സംഘടന അവാർഡിന് അർഹരായവരെ കണ്ടെത്തുന്നത്. 1992 മുതൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനക്ക് ലോകത്തിൻറെ വിവിധ മേഖലകളിൽ ഓഫീസ് ശൃംഖലകൾ ഉണ്ട്.
ഫെയ്ത് ഗ്രൂപ്പിന് യുഎഇയിൽ 78 ഫാർമസികളും നാല് ക്ലിനിക്കുകളും രണ്ട് ഡ്രഗ് സ്റ്റോറുകളും ഉണ്ട്. 800 ജീവനക്കാരും ഫെയ്ത് ഗ്രൂപ്പിന് കീഴിൽ ജോലി ചെയ്യുന്നുണ്ട്. 2024 ഓടെ 100 ഫാർമസികൾ എന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത് എന്നും ഫെയ്ത് ഗ്രൂപ്പ് സാരഥികൾ പറഞ്ഞു. ഓരോ ജീവനക്കാരനും തന്റെയും കൂടെ സ്ഥാപനമാണ് എന്ന രീതിയിലാണ് ഇവിടെ ജോലി ചെയ്യുന്നത് എന്നും ഇത്തരം സമീപനത്തിലൂടെ തൊഴിലാളികൾ ദീർഘകാലം സ്ഥാപനത്തിനുവേണ്ടി സേവന സന്നദ്ധരായി ജോലി ചെയ്യുകയും കഴിവുറ്റ പുതിയ ആളുകളെ തങ്ങളുടെ കുടുംബത്തിലേക്ക് ആകർഷിക്കുവാൻ ആവുകയും ചെയ്യും എന്നതുമാണ് തങ്ങളുടെ വിജയരഹസ്യം എന്ന് ഫെയ്ത് ഗ്രൂപ്പ് എംഡി ജുനൈദ് ആനമങ്ങാട് പറഞ്ഞു. ദുബായിൽ നടന്ന വർത്താസമ്മേളനത്തിൽ ഡയറക്ടർമാരായ അബ്ദുൽ ജലീൽ, അബ്ദുൽ റസാഖ്, ജയപ്രകാശ്, മുഹമ്മദ് ബഷീർ എന്നിവരും പങ്കെടുത്തു.