ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മയായ ഗ്രാന്മയുടെ ‘ഗ്രാമോത്സവം’ ഈ മാസം 12ന് ദുബായ് ഖിസൈസ് ക്രെസന്റ് ഇംഗ്ലീഷ് സ്കൂളിൽ നടക്കും. മുൻ സംസ്ഥാന പ്രവാസിക്ഷേമനിധി അധ്യക്ഷനും സംവിധായകനും ഗുരുവായൂർ മുൻ എം എൽ എയുമായ പി ടി കുഞ്ഞിമുഹമ്മദ് ഗ്രാമോത്സവം ഉദ്ഘാടനം ചെയ്യും. ഒന്നും രണ്ടും സീസണുകളിലെ വിജയത്തിന് ശേഷം ഇക്കുറി വിപുലമായി ഗ്രാമോത്സവം നടത്തുമെന്ന് സംഘാടകർ പറഞ്ഞു. സംവിധായകനും നടനുമായ മധുപാൽ മുഖ്യാഥിതിയായി സാംസ്കാരിക സമ്മേളനവും ഉണ്ടാകും.
പഞ്ചാരിമേളം, പഞ്ചവാദ്യം, ശിങ്കാരിമേളം, ഒപ്പന, തിരുവാതിരക്കളി, കോൽക്കളി, ദഫ്മുട്ട്, തുടങ്ങിയ തനതു കേരളീയകലകൾ കൂടാതെ തട്ടുകട, ഉപ്പിലിട്ടത്, തുടങ്ങിയ ചെറുകിട കച്ചവടങ്ങളുടെ രുചികളും ഉത്സവകാഴ്ചകളും ഗ്രാമോത്സവം സമ്മാനിക്കും. കാവടി, പുലിക്കളി, മയിലാട്ടം, കരകാട്ടം എന്നിവയുടെ അകമ്പടിയോടെ വർണ്ണാഭമായ ഘോഷയാത്രയും ഉണ്ടാവും. ഉച്ചക്ക് 2.30 മുതൽ ആണ് പരിപാടികൾ തുടങ്ങുക എന്നും സംഘാടകർ അറിയിച്ചു. പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥ്, റോക്സ്റ്റാർ ഡബ്‌സീ, രഞ്ജു ചാലക്കുടി, എസ് ബാൻഡ് ഫ്യൂഷൻ, ഇശൽ ദുബായ്, മടിക്കൈ ടീം എന്നിവർ നയിക്കുന്ന ദൃശ്യവിസ്മയ സംഗീത വിരുന്നും ഉണ്ടാകും.
ഗ്രാൻമ ഗുരുവായൂർ എല്ലാവർഷവും നൽകി വരുന്ന സഖാവ് സി കെ കുമാരൻ അവാർഡ് ഈ വർഷം ആതുരസേവന രംഗത്ത് ഡോക്ടർ പി കെ അബുബക്കറിന് നൽകുമെന്നും സംഘാടകർ പറഞ്ഞു. ഷാർജയിലെ റോളയിൽ അബുബക്കർ ക്ലിനിക്കിൽ 35 വർഷമായി ഡോക്ടർ പി കെ അബുബക്കർ പ്രവർത്തിച്ചുവരികയാണ്. വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി രജീഷ് ചണയൻ, പ്രസിഡന്റ് ജമാൽ മന്തിയിൽ, ട്രഷറർ സുനിൽ തണ്ടെങ്ങട്ടിൽ, ഗ്രാമോത്സവം കൺവീനർ പ്രതീഷ് ചണയൻ, ജോയിന്റ് കൺവീനർ മുസ്തഫ കണ്ണാട്ട്, ജോയിന്റ് കൺവീനർ നിസാർ ചുള്ളിയിൽ, രക്ഷാധികാരി അബ്ദുൽ നാസർ എന്നിവരും പങ്കെടുത്തു.
യുഎഇയിൽ കഴിഞ്ഞ 18 വർഷമായി ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പ്രവാസി സുഹൃത്തുക്കളെ ചേർത്ത് നിർത്തിക്കൊണ്ട് സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന സംഘടനയാണ് ഗ്രാന്മ ഗുരുവായൂർ. പ്രളയ സമയത്തും കോവിഡ് മഹാമാരി രൂക്ഷമായ കാലഘട്ടത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് നയിക്കാൻ ഗ്രാന്മക്ക് കഴിഞ്ഞിട്ടുണ്ട്.