ദുബൈയിലെ പ്രധാന വ്യാപാര വിനോദ കേന്ദ്രങ്ങളിൽ ഒന്നായ ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി. ഏപ്രിൽ 28 തിങ്കളാഴ്ച മുതൽ ഈ വർഷത്തെ സീസൺ അവസാനിക്കുന്ന മേയ് 11 വരെ ഈ സൗകര്യം ലഭ്യമാകും. നേരത്തെ മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾ, 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരൻമാർ, നിശ്ചയദാർഢ്യ വിഭാഗങ്ങൾ എന്നിവർക്കായിരുന്നു പ്രവേശനം സൗജന്യമെങ്കിൽ ഇക്കുറി സീസൺ അവസാനിക്കുന്നതിന് മുന്നോടിയായി 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുമായാണ് അധികൃതർ.

ഗ്ലോബൽ വില്ലേജ് അധികൃതർ സാമൂഹിക മാധ്യമമായ എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ കുടുംബങ്ങളെയും കുട്ടികളെയും വിനോദസഞ്ചാരികളെയും ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ഗ്ലോബൽ വില്ലേജ് പുതിയ ആനുകൂല്യം പ്രഖ്യാപിച്ചത്. ആവേശകരമായ ഒട്ടേറെ പരിപാടികൾ ഗ്ലോബൽ വില്ലേജിൽ പുരോഗമിക്കുകയാണ്. ഗ്ലോബൽ വില്ലേജിന്റെ 29-ആം സീസൺ മേയ് 11ന് അവസാനിക്കും.

വൈവിധ്യ പരിപാടികളോടെയാണ് ഇക്കുറി ഗ്ലോബൽ വില്ലജ് സന്ദർശകരെ സ്വീകരിച്ചത്. വിസ്മയക്കാഴ്ചകളും സാഹസിക, വിനോദ പ്രവർത്തനങ്ങളുമാണ് ഗ്ലോബൽ വില്ലേജിന്റെ ഓരോ പതിപ്പും സന്ദർശകർക്ക് സമ്മാനിക്കുന്നത്. അതാത് രാജ്യങ്ങളിലെ പരമ്പരാഗത വസ്ത്രം, ഭക്ഷണം, കരകൗശല വസ്തുക്കൾ, കലാ പ്രകടനങ്ങൾ എന്നിവയെല്ലാമാണ് വിവിധ പവിലിയനുകളിൽ ഉള്ളത്. ഒട്ടുമിക്ക എല്ലാ രാജ്യങ്ങളുടെ പവിലിയനിലും വലിയ ജനത്തിരക്കും കാണാമായിരുന്നു. ഹൗസ് ഓഫ് ഫിയർ, റയിൽവേ മാർക്കറ്റ്, റോഡ് ഓഫ് ഏഷ്യ, ഫീയസ്റ്റ സ്ട്രീറ്റ്, ഫ്ലോട്ടിങ് മാർക്കറ്റ് എന്നിവയെല്ലാം ഒട്ടേറെപ്പേരെ ആകർഷിക്കുന്നുമുണ്ട്. ലോകോത്തര കലാകാരന്മാരുടെ കലാസന്ധ്യകളും വിവിധ പരിപാടികളും ഇക്കുറി നടന്നു. കൂടാതെ വിശേഷദിവസങ്ങളിൽ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് വിപുലമായരീതിയിലാണ് ഇക്കുറി ഗ്ലോബൽ വില്ലജ് സന്ദർശകരെ സ്വീകരിച്ചത്. വിവിധ രാജ്യങ്ങളുടെ സംസ്‌കാരങ്ങൾ നേരിട്ടറിയാനും ഉത്പന്നങ്ങൾ വാങ്ങാനും രുചിക്കൂട്ടുകളും വിനോദ പരിപാടികളുംആസ്വദിക്കാനും ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി ഇവിടേക്കെത്തുന്നത്.
EXO പ്ലാനറ്റ് സിറ്റി, നിയോൺ ഗാലക്സി, ചാലഞജ് സോൺ തുടങ്ങി കുട്ടികൾക്ക് ആവേശമായപരിപാടികളിലും റൈഡുകളിലും പങ്കെടുക്കാനും സാധിക്കും. കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ കാർണിവൽ പ്രദേശത്തിന് സമീപത്തായി രണ്ട് നിലകളുള്ള റസ്റ്ററന്റ് പ്ലാസയും ഇത്തവണയുണ്ട്. കൂടതെ സംഗീതത്തോടൊപ്പം തീതുപ്പി ലേസർ വർണ്ണങ്ങളിൽ നൃത്തവുമായി തടാകനടുവിൽ ഡ്രാഗണും ഉണ്ട്.