അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഷാർജയിൽ തിരിതെളിഞ്ഞതോടെ ഇനി ഷാർജയിലേക്ക് പുസ്തക പ്രേമികളുടെ ഒഴുക്ക് വർധിക്കും. ബുധനാഴ്ച രാവിലെ എക്സ്‌പോ സെന്ററിൽ നടന്ന ചടങ്ങിൽ യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ. അഹ്‌മദ് ബിൻ റക്കാദ് അൽ അമേരി മുഖ്യ പ്രഭാഷണം നടത്തി.
പുസ്തകോൽസവത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കൾചറൽ പഴ്സനാലിറ്റി ഓഫ് ദി ഇയർ അവാർഡ് അൾജീരിയൻ നോവലിസ്റ്റ് അഹ്‌ലം മൊസ്തഗനെമിക്ക് ഷെയ്ഖ് സുൽത്താൻ സമ്മാനിച്ചു. അതിഥിരാജ്യമായ മൊറോക്കൊയിൽനിന്നുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്തു.
മലയാളത്തിൽ നിന്നുൾപ്പെടെ നിരവധി എഴുത്തുകാരും സാംസ്‌കാരികനായകന്മാരും രാഷ്ട്രീയക്കാരും എല്ലാം മേളയുടെ ഭാഗമാകാൻ എത്തുന്നുണ്ട്. പ്രവാസികൾ ഉൾപ്പെടെ നിരവധി എഴുത്തുകാരുടെ പുസ്തകങ്ങളും ഇക്കുറിയും പ്രകാശനം ചെയ്യപ്പെടും. ആദ്യ ദിനം തന്നെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ ഉൾപ്പെടെയുള്ളവർ മേളക്ക് എത്തിയിരുന്നു. വരും ദിവസങ്ങളിൽ സംഗീതസംവിധായകൻ ഇളയരാജ ഉൾപ്പെടെയുള്ള പ്രമുഖർ മേളക്കെത്തും. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ആണ് ഈ വർഷത്തെ മേളയിലെ മലയാളത്തിൽനിന്നുള്ള അതിഥി. അന്താരാഷ്ട്ര പുസ്തകമേളയിൽ പതിവുപോലെ ഈ വർഷവും ഇന്ത്യൻ പവിലിയനിൽ മലയാളമാണ് നിറഞ്ഞുനിൽക്കുന്നത്.