സൗദി അറേബ്യയില്‍ ടാക്‌സി യാത്രയ്ക്കിടെ ഭക്ഷണം കഴിക്കുകയോ പുകവലിക്കുകയോ ചെയ്താല്‍ 200 റിയാല്‍ പിഴ ചുമത്തും. ടാക്‌സി ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും അവകാശങ്ങളും കടമകളും നിര്‍വചിക്കുന്ന പരിഷ്‌കരിച്ച നിയമങ്ങള്‍ ഏതാനും ദിവസം മുമ്പാണ് സൗദി ഗതാഗത മന്ത്രാലയം പുറത്തിറക്കിയത്. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സവാരി നിഷേധിക്കാനോ റദ്ദാക്കാനോ അവകാശമുള്ള സന്ദര്‍ഭങ്ങളും പുതിയ നിയമത്തില്‍ പരാമര്‍ശിക്കുന്നു.
യാത്രാക്കൂലി നല്‍കിയില്ലെങ്കില്‍ ഇരട്ടിത്തുകയും 200 റിയാല്‍ പിഴയും ശിക്ഷ ലഭിക്കും. മീറ്റര്‍ പ്രകാരമുള്ള യാത്രാക്കൂലി പൂര്‍ണമായി നല്‍കിയില്ലെങ്കില്‍ 200 റിയാലാണ് പിഴ ശിക്ഷ. ഇതിനു പുറമേ യാത്രാക്കൂലിയുടെ ഇരട്ടി തുകയും നല്‍കണം. ടാക്‌സി മീറ്ററോ റൈഡ്‌ഹെയ്ല്‍ ആപിന്റെയോ അടിസ്ഥാനത്തിലുള്ള മുഴുവന്‍ തുകയും നല്‍കാന്‍ യാത്രക്കാരന്‍ ബാധ്യസ്ഥനാണ്.
വാഹനത്തില്‍ പുകവലിച്ചാല്‍ 200 റിയാല്‍ ആണ് പിഴയായി ലഭിക്കുക. വസ്തുവകകൾ കേടുവരുത്താനും ആളുകളെ ശല്യപ്പെടുത്താനും പാടില്ല. ഉത്തരവാദപ്പെട്ട ആളുകള്‍ ആവശ്യപ്പെട്ടാല്‍ യാത്രക്കാര്‍ ഇഖാമ അഥവാ താമസരേഖ കാണിക്കേണ്ടതുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍, സര്‍വീസ് ഇന്‍സ്‌പെക്ടര്‍മാര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും യോഗ്യതയുള്ള ഏജന്‍സിയുടെ പ്രതിനിധികള്‍ എന്നിവരെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.