യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ഏഷ്യയിലെ മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. യുഎഇയിലും ഗൾഫ് രാജ്യങ്ങളിലും ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ മേഖലയിലെ ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കിയതിന് ജയശങ്കർ യുഎഇയോട് നന്ദി അറിയിച്ചു. കൂടിക്കാഴ്ചയിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധങ്ങൾ കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം അത്മവിശ്വാസവും പ്രകടിപ്പിച്ചു. യു.എ.ഇയുടെ പരമാധികാരം, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായുള്ള നടപടികള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും എസ് ജയശങ്കര്‍ അറിയിച്ചിട്ടുണ്ട്.
രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ജയ്ശങ്കർ യുഎഇയിൽ എത്തിയത്. പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷ, ആഗോള നാവിക ഗതാഗതം, ഊര്‍ജ്ജ വിതരണം, ലോക സമ്പദ്‌വ്യവസ്ഥ എന്നിവയില്‍ ഈ ആക്രമണങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും പങ്കുവെച്ചതായാണ് വിവരം.

