യുഎഇ ദേശീയ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ദുബായ് പരിസ്ഥിതി, കാലാവസ്ഥാ മാറ്റ അതോറിറ്റിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ) പരസ്പര സഹകരണത്തിനുള്ള ഉടമ്പടിയിൽ ഒപ്പുവെച്ചു. പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും ലോക കാലാവസ്ഥാ മാറ്റ പ്രവർത്തനങ്ങളുമായി യോജിക്കുന്നതിനുമായി സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് കരാർ. യു എ ഇ ഫെബ്രുവരി നാലിനാണ് ദേശീയ പരിസ്ഥിതി ദിനമായി ആചരിക്കുന്നത്
ദുബായ് ജി.ഡി.ആർ.എഫ്.എ മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും ദുബായ് പരിസ്ഥിതി, കാലാവസ്ഥാ മാറ്റ അതോറിറ്റിയുടെ ഡയറക്ടർ ജനറൽ അഹമ്മദ് മുഹമ്മദ് ബിൻ താനിയും ചേർന്നാണ് ഈ സഹകരണ കരാർ ഒപ്പുവെച്ചത്. ജി.ഡി.ആർ.എഫ്.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഈ ഉടമ്പടി നടന്നത്.
ദുബായ് പരിസ്ഥിതി, കാലാവസ്ഥാ മാറ്റ അതോറിറ്റിയുമായുള്ള ഈ ഉടമ്പടി ദുബായുടെ സുസ്ഥിര ഭാവിയെ അനുസരിച്ചുള്ള പരിസ്ഥിതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ ഞങ്ങളുടെ വകുപ്പിന്റെ പ്രതിബദ്ധത ഉറപ്പാക്കുവെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ് : ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.പരിസ്ഥിതി സംരക്ഷണത്തിനും ഭാവി തലമുറകളുടെ ജീവനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹകരിക്കുന്നുവെന്ന് അൽ മർറി കൂട്ടിച്ചേർത്തു. ഇത് യുഎഇയുടെ ദേശീയ പരിസ്ഥിതി ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണെന്നും “ദുബായ് സുസ്ഥിരത മാനദണ്ഡങ്ങളിൽ ഒരു ആഗോള മാതൃകയായി മാറുന്നതിനും കാലാവസ്ഥാ മാറ്റ വെല്ലുവിളികൾ നേരിടുന്നതിനുമുള്ള നൂതന പരിസ്ഥിതി പ്രവർത്തനങ്ങൾ വികസിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ദുബായ് പരിസ്ഥിതി, കാലാവസ്ഥാ മാറ്റ അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് മുഹമ്മദ് ബിൻ താനി വ്യക്തമാക്കി.
ഈ ഉടമ്പടി പരിസ്ഥിതി സംരക്ഷണത്തിനായുള്ള നൂതന പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും പ്രവർത്തന പ്രക്രിയകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും പരിസ്ഥിതി പാദചിഹ്നം കുറയ്ക്കുന്നതിനുമുള്ള ഒരു പ്ലാറ്റ്ഫോം നൽകുന്നു. ദുബായ് പരിസ്ഥിതി വെല്ലുവിളികൾ നേരിടുന്നതിൽ നേതൃത്വം നൽകുന്നതിനും സുസ്ഥിരമായ ഭാവിയിലേക്കുള്ള വഴിത്തിരിവുകൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു മാതൃക സ്ഥാപിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു