ദുബായ്: സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും ഡിജിറ്റൽ ഉടമസ്ഥതക്കായുള്ള യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഒ ഗോൾഡ് ‘ ആപ് സ്വർണ്ണം ലീസ് ചെയ്യാൻ സൗകര്യമൊരുക്കുന്നു. ‘ഒ ഗോൾഡ് ‘ ആപ്പും ഡിഎംസിസി ആസ്ഥാനമായ മോണിറ്ററി മെറ്റൽസും സഹകരിച്ച് ആദ്യമായാണ് യുഎഇയിൽ ഗോൾഡ് ലീസിങ് സംരംഭം തുടങ്ങുന്നത്. സ്വർണ്ണം ലീസ് ചെയ്യാൻ സൗകര്യമൊരുക്കുന്ന ആദ്യ എമിറാത്തി ആപ്പുകൂടിയാണ് ‘ഒ ഗോൾഡ്’. സംരംഭം നിലവിൽ വരുന്നതോടെ നിക്ഷേപകർക്ക് 0.1% മുതൽ ലീസിങ് സാധ്യമാവുമെന്ന് അധികൃതർ ദുബൈയിൽ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്വർണ്ണ നാണയവും സ്വർണ്ണ കട്ടികളുമാണ് നിക്ഷേപത്തിനായി ഉപയോഗിക്കുക. ഇങ്ങനെ നിക്ഷേപിക്കുന്നത് വഴി 11% വിപണി വിഹിതവും, 5% വരുമാനവും ഉൾപ്പെടെ മൊത്തം 16% വാർഷികാദായം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം നിക്ഷേപത്തിന് ആഭരണങ്ങൾ ഉപയോഗിക്കാൻ കഴിയില്ല.
നിക്ഷേപിക്കുന്ന ഓരോ ഗ്രാം സ്വർണ്ണത്തിനും ഇൻഷുറൻസ് പരിരക്ഷ ഉള്ളതിനാൽ സ്വർണ്ണം സുരക്ഷിതമായിരിക്കുമെന്നും ‘ഒ ഗോൾഡ്’ ചെയർമാൻ ബന്ദർ അൽ ഉഥ്മാൻ പറഞ്ഞു. ഇതോടെ സാധാരണക്കാർക്കും സ്വർണ്ണത്തിൽ നിക്ഷേപിക്കാനും വരുമാനം നേടാനുമുള്ള അവസരം കൈവന്നിരിക്കുകയാണെന്നും മോണിറ്ററി മെറ്റൽസുമായി ഇത്തരമൊരു സംരംഭത്തിൽ സഹകരിക്കാനായതിൽ സന്തോഷമുണ്ടെന്നും ബന്ദർ അൽ ഉഥ്മാൻ പറഞ്ഞു.
നിലവിൽ സ്വർണ്ണം ഉപയോഗിച്ച് പോരുന്ന രീതിക്ക് പകരം സ്വർണ്ണ വിപണിയിലെ ലീസിങ് ശക്തമായൊരു ധനകാര്യ സംരംഭമാക്കി മാറ്റണമെന്ന കാഴ്ചപ്പാടാണ് തങ്ങൾക്കുള്ളതെന്ന് മോണിറ്ററി മെറ്റൽസ് ദുബായ് ഓഫിസ് മാനേജർ മാർക്ക് പെയ് പറഞ്ഞു. ഒ ഗോൾഡ് കോ ഫൗണ്ടർ മുഹമ്മദ് അൽ മൻസൂരി, സിഇഒ അഹ്മദ് അബ്ദിൽ തവാബ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.