യുഎഇയിൽ സർക്കാർ മേഖലാ ജീവനക്കാരുടെ ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ഹിജ്രി കലണ്ടർ പ്രകാരം ഹിജ്‌റ വർഷം 1446 ലെ ശവ്വാൽ ഒന്നിന് അവധി ആരംഭിക്കും. ശവ്വാൽ ഒന്ന് മുതൽ മൂന്നുവരെയാണ് അവധി. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ആണ് ഇക്കാര്യം അറിയിച്ചത്. ഈദുൽ ഫിത്തർ അവധിക്ക് ശേഷം ഔദ്യോഗിക പ്രവർത്തനങ്ങൾ ശവ്വാൽ നാലിന് പുനരാരംഭിക്കും. ഷാർജ എമിറ്റേറ്റിൽ വാരാന്ത്യം കൂടി കണക്കിലെടുത്ത് ആറു ദിവസം വരെ അവധിക്ക് സാധ്യതയുണ്ട്.
റമദാൻ മാസം 30 ദിവസം പൂർത്തിയാക്കിയാൽ, റമദാൻ 30 (മാർച്ച് 30 ഞായറാഴ്ച) ഈദ് അൽ ഫിത്തർ അവധി ദിനങ്ങളോടൊപ്പം ഔദ്യോഗിക അവധിയായിരിക്കും. മാർച്ച് ഒന്നിന് റമദാൻ ആരംഭിച്ച യുഎഇയിൽ ചെറിയ പെരുന്നാളിന്റെ മാസപ്പിറവി നോക്കുന്നത് മാർച്ച് 29ന് ആയിരിക്കും. ഹിജ്‌റ കലണ്ടർ പ്രകാരം മാസങ്ങൾക്ക് 29 അല്ലെങ്കിൽ 30 ദിവസങ്ങളായിരിക്കും ഉണ്ടാവുക. വിശുദ്ധ റമദാൻ മാസം പൂർത്തിയായ ശേഷം തൊട്ടടുത്ത അറബി മാസമായ ശവ്വാൽ ഒന്നിനാണ് ഈദുൽ ഫിത്തർ ആഘോഷിക്കുക.