വനിതാ ശാക്തീകരണത്തിനും സമഗ്ര വികസനത്തിനും ഊന്നൽ നൽകി, ദുബായ് വിമൻ എസ്റ്റാബ്ലിഷ്‌മെന്റും (DWE) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (GDRFA) തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു. സ്ത്രീകൾക്ക് പിന്തുണ നൽകുന്നതിനും എല്ലാ മേഖലകളിലെയും വികസന പ്രക്രിയയിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ധാരണ.
ജിഡിആർഎഫ്എയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയും ദുബായ് വിമൻ എസ്റ്റാബ്ലിഷ്‌മെന്റ് ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ മോനാ അൽ മർറിയുമാണ് ധാരണ പത്രത്തിൽ ഒപ്പുവച്ചത്.
ഈ കരാർ, സഹകരണം, പ്രത്യേക ഫോറങ്ങളിൽ സ്ത്രീ പങ്കാളിത്തം, മികച്ച പരിശീലന രീതികളുടെ കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു.വനിതാ ജീവനക്കാരുടെ നേതൃത്വപരമായ കഴിവുകൾ വർധിപ്പിക്കുന്നതിനും ഭാവി രൂപപ്പെടുത്തുന്നതിൽ അവരെ ശാക്തീകരിക്കുന്നതിനുമുള്ള ഒരു പ്രധാന നടപടിയുമാണ്. എല്ലാ മേഖലകളിലും സ്ത്രീകളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദുബായ് സർക്കാറിന്റെ പ്രതിബദ്ധതയാണ് കരാറെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു.