തിരക്കിൽ അധികസമയം കളയാതെ ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള യാത്രയ്ക്ക് 8 മിനിറ്റ് കുറക്കാൻ സഹായിക്കുന്ന പുതിയ റോഡ് വികസന പദ്ധതിക്ക് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി രൂപം നൽകി. ഗാർൺ അൽ സബ്ഖ സ്ട്രീറ്റ് – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ ഇംപ്രൂവ്മെന്റ് പ്രോജക്ടിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി കരാർ നൽകിക്കഴിഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും നിർദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗാർൺ അൽ സബ്ഖാ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വഴി ഖിസൈസിലേക്കും ഷാർജയിലേക്കും ഉള്ള ദിശയിൽ തിരക്കേറിയ സമയങ്ങളിൽ യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയ്ക്കുന്ന ഗാർൺ അൽ സബ്ഖ സ്ട്രീറ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ ഇംപ്രൂവ്മെന്റ് പദ്ധതിക്കാണ് ആർടിഎ കരാർ നൽകിയത്. 374 മില്യൺ ദിർഹം ചെലവ് വരുന്ന, പദ്ധതി തന്ത്രപ്രധാനമായ റോഡ് ഇടനാഴികൾ നവീകരിക്കുന്നതിനുള്ള ആർടിഎയുടെ വലിയ സംരംഭത്തിന്റെ ഭാഗമാണെന്ന് ആർടിഎ ഡയറക്ടർ ജനറലും ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു
മണിക്കൂറിൽ 17,600 വാഹനങ്ങൾ വഹിക്കാൻ ശേഷിയുള്ള 3000 മീറ്റർ നീളമുള്ള നാല് പാലങ്ങളുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അൽ യലായിസ്, എക്സ്പോ റോഡുകൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആർടിഎ പൂർത്തിയാക്കിയിരുന്നു.