ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി 9-9-2029-ന് പ്രവർത്തനം ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ച അറിയിച്ചു. 2009 സെപ്റ്റംബർ 9-ന് 10 റെഡ് ലൈൻ സ്റ്റേഷനുകളുള്ള ദുബായ് മെട്രോ തുടങ്ങി കൃത്യം 20 വർഷം പിന്നിട്ട് 09.09.2029 ആവുമ്പോൾ ദുബൈയുടെ വികസനക്കുതിപ്പിന് ആക്കം കൂട്ടി ദുബായ് മെട്രോ ബ്ലൂ ലൈൻ ഓടിത്തുടങ്ങും. ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിക്കായി മൂന്ന് കമ്പനികളുടെ കൺസോർഷ്യത്തിന് 20.5 ബില്യൺ ദിർഹത്തിൻ്റെ (5.5 ബില്യൺ ഡോളർ) കരാർ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നൽകി. തുർക്കിയുടെ MAPA, Limak എന്നിവയും ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള CRRCയും അടങ്ങുന്നതാണ് കൺസോർഷ്യം. മെട്രോ ഉൾപ്പെടെയുള്ള സാങ്കേതിക സഹായങ്ങൾ നൽകുന്നത് ചൈനീസ് കമ്പനിയായ CRRC ആണ്. 2025 ഏപ്രിലിൽ നിർമ്മാണം ആരംഭിക്കാൻ പദ്ധതിയിട്ടുകൊണ്ട് 2029 സെപ്തംബർ 9-ന് പദ്ധതി പൂർത്തിയാകും.
താമസക്കാർക്കും സന്ദർശകർക്കും ജീവിത നിലവാരം ഉയർത്തുന്നതിനും ഇവൻ്റുകളുടെയും പ്രവർത്തനങ്ങളുടെയും ആഗോള കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതുമായിരിക്കും ബ്ലൂ ലൈൻപദ്ധതിയെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാറ്റർ അൽ തായർ പറഞ്ഞു.
14 മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ 30 കിലോമീറ്റർ ദൈർഘ്യമാണ് ബ്ലൂ ലൈൻ പദ്ധതിയിൽ ഉള്ളത്. 28 ട്രെയിനുകൾ സർവ്വീസ് നടത്തും. 2030-ൽ ഇത് 2,00,000 യാത്രക്കാരെയും, 2040-ഓടെ 320,000 യാത്രക്കാരായി ഇത് ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ബ്ലൂ ലൈൻ മെട്രോ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടും ലൈനിലെ പ്രധാന നഗരപ്രദേശങ്ങളും തമ്മിൽ ബന്ധിപ്പിക്കുമെന്നും യാത്ര സുഗമമാക്കുമെന്നും സി ഇ ഒ അബ്ദുൽ മുഹസ്സിൽ ഇബ്രാഹിം കലബാത് പറഞ്ഞു.
മിർദിഫ്, അൽ വർഖ, ഇൻ്റർനാഷണൽ സിറ്റി 1, 2, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവയാണ് ഒമ്പത് പ്രധാന മേഖലകൾ. യാത്രാ സമയം 10 മുതൽ 25 മിനിറ്റ് വരെയാണ് കണക്കാക്കുന്നത്. ഇരു ദിശകളിലുമായി മണിക്കൂറിൽ 46,000 യാത്രക്കാരെ വഹിക്കും, ഇത് സർവീസ് നടത്തുന്ന റൂട്ടുകളിലെ ഗതാഗതക്കുരുക്ക് 20 ശതമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ ലൈൻ ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമാണ്, ’20 മിനിറ്റ് നഗരം’ സൃഷ്ടിക്കാൻ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. താമസക്കാർക്ക് 20 മിനിറ്റ് യാത്രാ സമയത്തിനുള്ളിൽ അവശ്യ സേവനങ്ങളുടെ 80 ശതമാനവും ലഭിക്കും. സമയ ലാഭം, ഇന്ധന ഉപഭോഗം കുറയ്ക്കൽ, റോഡപകട മരണങ്ങൾ കുറയ്ക്കൽ, കാർബൺ പുറന്തള്ളൽ കുറയൽ എന്നിവക്ക് മുൻഗണന നൽകുന്ന ബ്ലൂ ലൈൻ, 2040 ഓടെ 56.5 ബില്യൺ ദിർഹം സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 9-9-2009 രാത്രി 9 മണിക്ക് കൃത്യം 9-ആം മിനിറ്റിലെ 9-ആം സെക്കൻഡിൽ ആണ് നഗരത്തിന്റെ മുഖച്ഛായ മാറ്റിയ ദുബായ് മെട്രോ തുറന്നത്. ദുബായ് മെട്രോയുടെ 20-ആം വാർഷികത്തോടനുബന്ധിച്ചാണ് ബ്ലൂ ലൈനിന്റെ പ്രവർത്തനം തുടങ്ങുക.