ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ദുബായിൽ യാഥാർഥ്യമാകാൻ പോകുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ ആദ്യ സ്റ്റേഷന് ഔദ്യോഗികമായി തറക്കല്ലിട്ടു. നഗരത്തിലെ ഗതാഗത വികസനം ഉയർത്തുക എന്നലക്ഷ്യത്തിന് ഒപ്പം തന്നെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ എന്ന റെക്കോർഡും ഇനി ദുബായ് സ്വന്തമാക്കും. 74 മീറ്റർ ഉയരത്തിൽആണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ദുബായിൽ വരുന്നത്. ഇമാർ പ്രോപ്പർട്ടീസാണ് സ്റ്റേഷൻ രൂപകൽപന ചെയ്തിട്ടുള്ളത്. 74 മീറ്റർ ഉയരത്തിൽ ദുബായ് ക്രീക്ക് ഹാർബറിൽ നിർമ്മിക്കുന്ന ഈ സ്റ്റേഷന് 3 നിലകളുണ്ട്, മേൽത്തട്ടുകളിൽ ഗ്ലാസ് പാനലുകൾ സ്ഥാപിക്കുന്നതിനാൽ സൂര്യപ്രകാശം പ്ലാറ്റ്‌ഫോമുകളിലേക്കും ലോബിയിലേക്കും എത്തുന്ന തരത്തിലാണ് നിർമ്മിക്കുക. അതിശയിപ്പിക്കുന്ന വാസ്തുവിദ്യയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഏകദേശം 11,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ മെട്രോ സ്റ്റേഷൻ വ്യാപിച്ചുകിടക്കുന്നത്. കൂടാതെ പ്രതിദിനം 160,000 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് നിർമാണ പ്രവർത്തനവും. 30 കിലോമീറ്റർ നീളത്തിൽ 14 സ്റ്റേഷനുകളുമാണ് ബ്ലൂ ലൈനിലുണ്ടാകുക. 28 ട്രെയിനുകൾ പാതയിൽ സർവീസ് നടത്തും. ദുബൈ ക്രീക്കിന് മുകളിൽ 1.3 കിലോമീറ്റർ നീളമുള്ള ആർച്ച് ബ്രിഡ്ജും നിർമിക്കും.

അമേരിക്കൻ വാസ്തുവിദ്യാ സ്ഥാപനമായ സ്കിഡ്മോർ, ഓവിംഗ്സ് & മെറിൽ ആണ് സ്വർണവർണ്ണ സിലിണ്ടർ മാതൃകയിൽ മെട്രോ സ്റ്റേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തെയും മിർദിഫ്, അൽ വർഖ, ഇന്റർനാഷണൽ സിറ്റി വൺ, ടു, ദുബൈ സിലിക്കൺ ഒയാസിസ്, അക്കാഡമിക് സിറ്റി, റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബൈ ക്രീക്ക് ഹാർബർ, ദുബൈ ഫെസ്റ്റിവൽ സിറ്റി എന്നീ ഒമ്പത് പ്രധാന പ്രദേശങ്ങളെ ബ്ലൂലൈൻ നേരിട്ട് ബന്ധിപ്പിക്കും.
സ്റ്റേഷനുകളിൽ പാർക്കിംഗ് സ്ഥലങ്ങൾ, ടാക്സി സ്റ്റാൻഡുകൾ, കാർ ഡ്രോപ്പ് ഓഫ്, പിക്ക്-അപ്പ് സ്ഥലങ്ങൾ, ഇലക്ട്രിക് സ്കൂട്ടർ റാക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് പോയിന്റുകൾ എന്നിവയെല്ലാമുണ്ട്. മറ്റ് ഗതാഗത മാർഗ്ഗങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് സ്റ്റേഷനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്ലൂ ലൈനിൽ ഒമ്പത് എലിവേറ്റഡ് സ്റ്റേഷനുകളും അഞ്ച് ഭൂഗർഭ സ്റ്റേഷനുകളുമുണ്ട്.
നിലവിൽ മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകളിലുള്ള 53 സ്റ്റേഷനുകളിലൂടെ 129 ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. 89.3 കിലോ മീറ്ററാണ് മെട്രോയുടെ ദൂരം. പദ്ധതി പൂർത്തിയാകുന്നതോടെ ദുബായിയുടെ മൊത്തം റെയിൽ ശൃംഖല 78 സ്റ്റേഷനുകളും 168 ട്രെയിനുകളും ഉൾപ്പെടെ ആകെ 131 കിലോമീറ്ററായി വികസിക്കും. 2030 ആകുമ്പോഴേക്കുംപ്രതിദിനം 2,00,000 ൽ അധികം യാത്രക്കാരും, 2040 ആകുമ്പോഴേക്കും 3,20,000 യാത്രക്കാരും ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദിശയിലേക്കും മണിക്കൂറിൽ 46,000 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് ക്രമീകരണം. നിർമാണം പൂർത്തീകരിക്കുന്നതോടെ ഗതാഗത തിരക്ക് 20 ശതമാനം കുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. 2050 കോടി ദിർഹം ചെലവുവരുന്നതാണ് ഈ ബ്ലൂ ലൈൻ മെട്രോ പദ്ധതി
2029 സെപ്റ്റംബർ ഒൻപതുമുതൽ ബ്ലൂ ലൈൻ മെട്രോ ദുബായിലൂടെ ഓടിത്തുടങ്ങും. ’20 മിനിറ്റ് നഗരം’ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ബ്ലൂ ലൈൻ മെട്രോ പദ്ധതിയും. ’20 മിനിറ്റ് നഗരം’ എന്ന ആശയം 80 ശതമാനത്തിലധികം അവശ്യ സേവനങ്ങളും താമസക്കാർക്ക് 20 മിനിറ്റിനുള്ളിൽ പ്രാപ്യമാകും എന്ന് ഉറപ്പാക്കുന്നതാണ്.
ദുബായ് മെട്രോ ലോകത്തിലെ ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയാണ്. 2009 സെപ്റ്റംബർ 9-നാണ് ദുബായ് മെട്രോ യാഥാർഥ്യമായത്. 2029 സെപ്റ്റംബർ 9-ന് ദുബായ് മെട്രോയുടെ 20-ാംവാർഷികത്തിൽ ഈ സ്വപ്ന പദ്ധതി യാത്രക്കാർക്ക് തുറന്ന് കൊടുക്കും. ദുബായ് നഗരത്തിന്റെ ഗതാഗത മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിന് കൂടിയാണ് ബ്ലൂ ലൈൻ ഭാഗമാവുക.