ദുബായ് മെട്രോയുടെ 20-ആം വാർഷികത്തോടനുബന്ധിച്ച് മെട്രോ ബ്ലൂ ലൈൻ 09-09-2029 എന്ന സ്വപ്നദിവസം തന്നെ ഓടിത്തുടങ്ങും. അടുത്തവർഷം ഏപ്രിലിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 2029 സെപ്റ്റംബർ ഒൻപതിന് സർവ്വീസ് തുടങ്ങാനാണ് പദ്ധതിയിടുന്നത്.
ദുബായ് അന്താരാഷ്ട വിമാനത്താവളം, മിർദിഫ്, അൽ വർഖ, ഇന്റർനാഷണൽ സിറ്റി ഒന്നും രണ്ടും, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, റാസൽഖോർ വ്യവസായ മേഖല, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നീ മേഖലകളെ തമ്മിൽ ബ്ലൂ ലൈൻ ബന്ധിപ്പിക്കും.
വ്യത്യസ്‍തമായ രൂപകല്പനയാണ് പുതിയ ബ്ലൂ ലൈനിനുണ്ടാവുക. 30 കിലോമീറ്റർ നീളത്തിലാണ് പുതിയ റെയിൽ പാത നിർമിക്കുക. 15.5 കിലോമീറ്റർ ഭൂഗർഭപാതയായിരിക്കും. 14.5 കിലോമീറ്റർ ഉപരിതലപാതയുമാവും. ഭൂഗർഭപാതയിലുള്ള അഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടെ മൊത്തം 14 സ്റ്റേഷനുകളും 28 ട്രെയിനുകളും ഈ ലൈനിലുണ്ടാകും. യാത്രാ സമയം 10 മുതൽ 25 മിനിറ്റ് വരെയാണ് കണക്കാക്കുന്നത്. ഇരു ദിശകളിലുമായി മണിക്കൂറിൽ 46,000 യാത്രക്കാരെ വഹിക്കും, ഇത് സർവീസ് നടത്തുന്ന റൂട്ടുകളിലെ ഗതാഗതക്കുരുക്ക് 20 ശതമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
താമസക്കാർക്ക് 20 മിനിറ്റ് യാത്രാ സമയത്തിനുള്ളിൽ അവശ്യസേവനങ്ങളുടെ 80 ശതമാനവും ലഭിക്കും. സമയ ലാഭം, ഇന്ധന ഉപഭോഗം കുറയ്ക്കൽ, റോഡപകട മരണങ്ങൾ കുറയ്ക്കൽ, കാർബൺ പുറന്തള്ളൽ കുറയൽ എന്നിവക്ക് മുൻഗണന നൽകുന്ന ബ്ലൂ ലൈൻ, 2040 ഓടെ 56.5 ബില്യൺ ദിർഹം സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വർഷം തുരങ്കപാതകളുടെ നിർമാണം ആരംഭിക്കും. വെള്ളപൊക്കം ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ കാരണം സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കും. 2028-ൽ പരീക്ഷണ യാത്രകൾ നടത്താനും 2029-ഓടെ ഔദ്യോഗികമായി ആരംഭിക്കാനുമാണ് ലക്ഷ്യമിടുന്നത്.
9-9-2009 രാത്രി 9 മണിക്ക് കൃത്യം 9-ആം മിനിറ്റിലെ 9-ആം സെക്കൻഡിൽ ആണ് നഗരത്തിന്റെ മുഖച്ഛായ മാറ്റിയ ദുബായ് മെട്രോ തുറന്നത്. ദുബായ് മെട്രോയുടെ 20-ആം വാർഷികത്തോടനുബന്ധിച്ചാണ് ബ്ലൂ ലൈനിന്റെ പ്രവർത്തനം തുടങ്ങുക. സ്വപ്‍നപദ്ധതിയുടെ നിർമാണത്തിനായി തുർക്കി കമ്പനികളായ MAPA, Limak എന്നിവയും ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള CRRC നും 20.5 ബില്യൺ ദിർഹത്തിന്റെ കരാർ ആണ് ആർ.ടി.എ. നൽകിയിട്ടുള്ളത്.

