ദുബൈയിലെ പ്രധാന വ്യാപാര വിനോദ കേന്ദ്രങ്ങളിൽ ഒന്നായ ഗ്ലോബൽ വില്ലേജ് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചു. 50 ദിർഹമിന് അൺലിമിറ്റഡ് ആക്സസ് ഓഫർ എന്ന രീതിയിലാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുനൂറോളം റൈഡുകൾ, ഗെയിമുകൾ, മറ്റ് ആകർഷണങ്ങൾ എന്നിവ ഉൾകൊള്ളുന്നതാണ് ഗ്ലോബൽ വില്ലേജിലെ കാർണിവൽ മേഖല. ഇവിടെ എല്ലാ റൈഡുകളിലും പരിധിയില്ലാതെ ഉപയോഗിക്കാൻ ഈ ആനുകൂല്യത്തിലൂടെ സാധിക്കും. എന്നാൽ മറ്റു ചില മേഖലകളിൽ തിരഞ്ഞെടുത്ത റൈഡുകൾക്ക് മാത്രമാണ് ഈ ഓഫർ എന്നും ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു.

60 മീറ്റർ ഫെസ്റ്റിവൽ വീൽ, ഗ്ലോബൽ ബുർജ്, ജമൈക്ക ഡ്രം, ഹോണോലോ-ലൂപ്പ് തുടങ്ങിയ ആവേശം തേടുന്നവർക്കുള്ള വിനോദങ്ങൾക്കൊപ്പം ഹോളണ്ട് വിൻഡ് വീൽ സ്വിസ് സ്വിംഗ്, സെവൻ സീ പൈറേറ്റ്, കുട്ടികൾക്കുള്ള സ്പാനിയ ബോട്ട് എന്നിവയും ഈ ഓഫറിൽ ഉൾപ്പെടുന്നു.മേയ് 11ന് സീസൺ അവസാനിക്കുന്നതുവരെ ഓഫർ ലഭ്യമാകും.
29-മത് സീസൺ അവസാനിക്കാനിരിക്കെ കഴിഞ്ഞ ദിവസം മൂന്നു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ആഗോള ഗ്രാമം പ്രവേശനം സൗജന്യമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഈ ആനുകൂല്യവും അധികൃതർ പ്രഖ്യാപിക്കുന്നത്. 65 കഴിഞ്ഞ മുതിർന്ന പൗരൻമാർ, നിശ്ചയദാർഢ്യ വിഭാഗങ്ങൾ എന്നിവർക്ക് നേരത്തെതന്നെ പ്രവേശനം സൗജന്യമാണ്.

വർദ്ധിച്ചുവരുന്ന ജനപ്രീതിയും അതിഥികളുമായുള്ള ആഴത്തിലുള്ള ബന്ധവും ഇത് മേഖലയിലെ ഒന്നാം നമ്പർ വിനോദ, സാംസ്കാരിക കേന്ദ്രമെന്ന സ്ഥാനം ഉറപ്പിക്കുന്നു. 1997 ൽ ആഗോളഗ്രാമ കവാടങ്ങൾ തുറന്നതിനുശേഷം, ഗ്ലോബൽ വില്ലേജ് 100 ദശലക്ഷത്തിലധികം അതിഥികളെ സ്വാഗതം ചെയ്തു, കഴിഞ്ഞ സീസൺ 28 ൽ 10 ദശലക്ഷത്തിലധികം ആളുകളുടെ വരവ് എന്ന പുതിയ റെക്കോർഡ് ഗ്ലോബൽ വില്ലജ് നേടി. ഈ സീസണിൽ, 90 ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവലിയനുകളും 3,500 ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും 250 ലധികം ഡൈനിംഗ് ഓപ്ഷനുകളും ഉണ്ട്. 40,000 ഷോകളിൽ 400-ൽ അധികം ലോകോത്തര കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. കാർണവലിൽ അതിഥികൾക്ക് 200 ലധികം റൈഡുകളും ഗെയിമുകളും ആസ്വദിക്കാൻ കഴിയും, ഇത് ഗ്ലോബൽ വില്ലേജിനെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ പരിപാടികൾ, ഷോകൾ, ഷോപ്പിംഗ്, ഡൈനിംഗ് അനുഭവങ്ങൾ എന്നിവയുടെ കേന്ദ്രമാക്കി മാറ്റുന്നു. ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ രാത്രി 1 മണിവരെയും, വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വൈകീട്ട് നാലുമുതൽ പുലർച്ചെ രണ്ടു മണിവരെയും ഗ്ലോബൽ വില്ലജ് പ്രവർത്തിക്കും