ദുബൈ- ജുമൈറയിൽ ഡ്രൈവറില്ലാ കാർ പരീക്ഷണയോട്ടം ആരംഭിച്ചു. നേരത്തെ ടെസ്റ്റ് ട്രാക്കുകളിൽ പരീക്ഷണയോട്ടം നടത്തിയത് വിജയകരമായതിനെ തുടർന്നാണ് സുരക്ഷാ ഡ്രൈവറുടെ സാന്നിധ്യത്തിൽ റോഡുകളിൽ പരീക്ഷണം നടത്തിയിരിക്കുന്നത്. റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യും സെൽഫ് ഡ്രൈവിങ് ടെക്നോളജി കമ്പനിയായ ക്രൂസും ചേർന്നാണ് ആദ്യഘട്ടത്തിലെ പരീക്ഷണം തുടങ്ങിയത്.
ലോകത്തെ ഏറ്റവും പുതിയ ഗതാഗത സാങ്കേതിക മികവുകൾ ദുബൈയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് മേഖലയിലെ ആദ്യ ഓട്ടോണമസ് വെഹിക്കിൾ പദ്ധതി നഗരത്തിലെത്തുന്നത്. ദുബൈയിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ഉപയോഗിക്കാവുന്ന തരത്തിലാകും ഡ്രൈവറില്ലാ കാർ സഞ്ചരിക്കുക. 2030ഓടെ മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങളാക്കാനുള്ള ദുബൈയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്.
ക്രൂസ് കമ്പനി നേരത്തെ അമേരിക്കയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കി വിജയിപ്പിച്ചിട്ടുണ്ട്. ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണയോട്ടത്തിന് ദുബൈയിൽ ആദ്യമായി അനുമതി ലഭിച്ച കമ്പനിയാണ് ക്രൂസ്. സാൻ ഫ്രാൻസിസ്കോയിൽ നടപ്പിലാക്കിയ പദ്ധതി ആർ.ടി.എ അധികൃതർ നേരിട്ട് വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദുബൈയിൽ പദ്ധതി നടപ്പിലാക്കുന്നത് വിജയകരമാകുമെന്ന വിലയിരുത്തലിലാണ് പരീക്ഷണത്തിന് തുടക്കംകുറിച്ചിരിക്കുന്നത്.