യുഎഇ സുപ്രീം കൗണ്സില് അംഗവും, ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുമായി ആസ്റ്റര് ഡിഎം ഹെൽത്ത് കെയറിന്റെ സ്ഥാപക ചെയര്മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ കൂടിക്കാഴ്ച നടത്തി. ബിഗ് ഹാര്ട്ട് ഫൗണ്ടേഷന് സംഘടിപ്പിച്ച റെഫ്യൂജി അഡ്വക്കസി ആന്ഡ് സപ്പോര്ട്ട് ഇവന്റില് സംസാരിക്കവേ, വര്ഷങ്ങളായി അഭയാര്ത്ഥികള് ഉള്പ്പെടെ പാര്ശ്വവല്ക്കരിക്കപ്പെട്ട ആയിരക്കണക്കിനാളുകള്ക്ക് ജീവകാരുണ്യ പ്രവര്ത്തനങ്ങളിലൂടെ തണലേകിയതിന് ഹിസ് ഹൈനസ് ഷൈഖ് ഡോ. സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമിക്കും, ഭാര്യ ഷൈഖ ജവഹര് ബിന്ത്ത് മുഹമ്മദ് അല് ഖാസിമിക്കും ഡോ. ആസാദ് മൂപ്പൻ ആശംസകളും അറിയിച്ചു. അഭയാര്ത്ഥികളെ സംരക്ഷിച്ചതിനും, പിന്തുണച്ചതിനും ഷാര്ജ ഇന്റര്നാഷണല് അവാര്ഡ് ഫോര് റെഫ്യൂജി അഡ്വക്കസിയുടെ ഏഴാമത് എഡിഷന് അവാര്ഡ് നേടിയ ടാലന്റ് ബിയോണ്ട് ബൗണ്ടറീസിനെയും, അഭയാര്ത്ഥികളെ പിന്തുണയ്ക്കുന്ന ബിഗ് ഹാര്ട്ട് ഫൗണ്ടേഷന്റെ ശ്രമങ്ങളെയും ഡോ.ആസാദ് മൂപ്പന് അഭിനന്ദിച്ചു.
ആസ്റ്റര് ഡിഎം ഹെല്ത്ത് കെയറിന്റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റര് വോളണ്ടിയേഴ്സ്, ബിഗ് ഹാര്ട്ട് ഫൗണ്ടേഷനുമായി ചേര്ന്ന് വിവിധ പദ്ധതികളിൽ പ്രവർത്തിക്കുകയും പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്തുവരുന്നതായി ഡോ.ആസാദ് മൂപ്പന് വ്യക്തമാക്കി.