അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച യു.എസ്–ഇറാൻ വെടിനിർത്തൽ കരാറിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. കരാറിന്റെ വ്യവസ്ഥകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്നും വെടിനിർത്തലിനോട് ഇറാൻ പൂർണമായും നീതി പുലർത്തണമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇറാൻ ഉയർത്തുന്ന ഭീഷണി, ബാലിസ്റ്റിക് മിസൈലുകൾ, ഇറാന്റെ ചാര സംഘനകൾ തുടങ്ങി ഹോർമൂസിലെ കടൽക്കൊള്ള തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടി വെടിനിർത്തൽ കരാറിൽ ഉൾപ്പെടുത്തണമെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് ആവശ്യപ്പെട്ടു. ഹോർമൂസ് കടലിടുക്കിലൂടെയുള്ള യാത്രകൾക്ക് ഒരു നിയന്ത്രണവും പാടില്ലെന്ന് യുഎഇ വ്യവസായ, സാങ്കേതികവിദ്യാ മന്ത്രി സുൽത്താൻ അൽ ജാബിർ ആവശ്യപ്പെട്ടു. പെട്രോൾ ലഭ്യത ഉറപ്പാക്കാനും വില നിയന്ത്രിക്കാനും ഹോർമൂസ് തടസ്സ രഹിതമാകണം. ഏകദേശം 230 കപ്പലുകളാണ് എണ്ണ നിറച്ച കണ്ടെയ്നറുകളുമായി യാത്രയ്ക്ക് ഒരുങ്ങി നിൽക്കുന്നത്. ഉപാധികളില്ലാതെ ഈ കപ്പലുകൾ കടത്തി വിടണം.
യുഎഇക്കു നേരെയുള്ള ഇറാന്റെ ആക്രമണം ഏകപക്ഷീയമായിരുന്നു.മേഖലയിലെ എല്ലാത്തരം കടന്നുകയറ്റങ്ങളും ആക്രമണങ്ങളും ഇറാൻ നിർത്തണം. ഹോർമൂസ് വഴിയുള്ള കപ്പൽ ഗതാഗതത്തെ ഒരുതരത്തിലും ഇറാൻ തടസ്സപ്പെടുത്താൻ പാടില്ലെന്നും യുഎഇ ആവശ്യപ്പെട്ടു. കഴിഞ്ഞ 40 ദിവസങ്ങളിലായി ഇറാൻ നടത്തിയ ആക്രമണങ്ങളിൽ 537 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂസ് മിസൈലുകളും 2256 ഡ്രോണുകളും രാജ്യത്തിനുനേരെ ഉപയോഗിച്ചതായി പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. 13 പേർ മരിച്ചപ്പോൾ 224 പേർക്ക് പരുക്കേറ്റു.
നിലവിലെ യുദ്ധത്തിൽ യു.എ.ഇ പങ്കാളിയല്ലെന്നും സംഘർഷം തടയുന്നതിന് നയതന്ത്രശ്രമങ്ങൾ നടത്തിയതായും 2026 മാർച്ച് 11ന് പാസാക്കിയ യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം ഇറാൻ പൂർണമായി പാലിക്കണമെന്നും യു.എ.ഇ ആവശ്യപ്പെട്ടിരുന്നു.

