ഗ്ലോബൽ വില്ലേജിന്റെ സീസൺ 29 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വലിയരീതിയിലുള്ള സന്ദർശന പ്രവാഹമാണ്. കൈ നിറയെ വിലക്കുറവിൽ സാധങ്ങൾ വാങ്ങുവാനാണ് അധികമാളുകളൂം എപ്പോൾ ആഗോളഗ്രാമം സന്ദർശിക്കുന്നത്. മിക്ക പവിലിയനിലെ സ്റ്റാളുകളിലും വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. വിലപേശി ധാരാളം വസ്തുക്കൾ വാങ്ങുന്നവരിൽ വിനോദസഞ്ചാരികൾ വരെ ഉണ്ട്. ഗ്ലോബൽ വില്ലേജിന്റെ ഈ സീസൺ മെയ് 11ന് അവസാനിക്കും.

വിനോദം, ഡൈനിംഗ്, ഷോപ്പിംഗ്, ആകർഷണങ്ങൾ എന്നിവയ്‌ക്കായുള്ള മേഖലയിലെ പ്രമുഖ മൾട്ടി കൾച്ചറൽ കുടുംബ ഡെസ്റ്റിനേഷനായ ഗ്ലോബൽ വില്ലേജ്, സീസൺ 29 ന്റെ അവസാന ആഴ്ചകളിൽ മെഗാ ഡീലുകളും സാംസ്കാരിക പരിപാടികളും നൽകി അത്യപൂർവമായ ഷോപ്പിംഗ് നിമിഷങ്ങൾ നൽകുന്നത് തുടരുകയാണ്. വളരെ വിജയകരമായ സീസൺ 29 അവസാനിക്കുമ്പോൾ എല്ലാ പവലിയനിൽ നിന്നും ഉൽപ്പന്നങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാനുമുള്ള അവസാന അവസരം അതിഥികൾക്ക് ഗ്ലോബൽ വില്ലേജ് വാഗ്ദാനം ചെയ്യുന്നു.

ഈ സീസണിൽ അവതരിപ്പിച്ച മൂന്ന് പുതിയ പവലിയനുകളായ ‘ജോർദാൻ’, ‘ഇറാഖ്’, ‘ശ്രീലങ്ക & ബംഗ്ലാദേശ്’ എന്നിവയുൾപ്പെടെ 90-ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവലിയനുകൾ ഉൾക്കൊള്ളുന്നതാണ് ഇത്തവണത്തെ ഗ്ലോബൽ വില്ലേജ്. യുഎഇ പവലിയൻ മുതൽ ഇന്ത്യ വരെയും സിറിയ മുതൽ ഈജിപ്ത് വരെയും ഇറാൻ മുതൽ ജപ്പാൻ വരെയും അങ്ങനെ ഗ്ലോബൽ വില്ലേജിന്റെ പവലിയനുകളിലെ ഓരോ ഷോപ്പിംഗ് ഔട്ട്‌ലെറ്റും വ്യത്യസ്തമായ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഓരോ അതിഥിക്കും ഷോപ്പിംഗ് നടത്താനും ആസ്വദിക്കാനും എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് ഈ പവലിയനുകൾ ഉറപ്പ് നൽകുന്നു. പൈതൃക സമ്പന്നമായ കരകൗശല വസ്തുക്കൾ മുതൽ ആധുനിക, ട്രെൻഡ് നയിക്കുന്ന സൃഷ്ടികൾ വരെ, അതിഥികൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ എല്ലാം ഒരു ലക്ഷ്യസ്ഥാനത്ത് കണ്ടെത്താനാകും എന്നതാണ് ഗ്ലോബൽ വില്ലേജിന്റെ പ്രത്യേകത.

‘മോർ വണ്ടർഫുൾ വേൾഡ്’ എന്ന പേരിൽ ആഗോള ഷോപ്പിംഗിന്റെയും വിലപേശലുകളുടെയും ആഘോഷമാണ് ഇപ്പോൾ ഗ്ലോബൽ വില്ലേജിൽ നടക്കുന്നത്. മെഗാ സെയിൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്നു. പരിമിതമായ സമയത്തേക്ക് മാത്രമേ എല്ലാ പവലിയനുകളിലും അതിഥികൾക്ക് അവിശ്വസനീയമായ ഡീലുകളും ആവേശകരമായ വിലപേശലുകളും ആസ്വദിക്കാൻ കഴിയൂ. വലിയ രീതിയിൽ വിലപേശൽ നടത്തി സാധങ്ങൾ കൂടുതലായി വാങ്ങി മടങ്ങുകയാണ് ഇപ്പോൾ സന്ദർശകർ. ഗ്ലോബൽ വില്ലജ് അവസാനിക്കാൻ കാത്തിരുന്ന് സാധങ്ങൾ വാങ്ങാൻ മാത്രം വരുന്നവരും ഏറെപ്പേർ ഉണ്ട്.
വർദ്ധിച്ചുവരുന്ന ജനപ്രീതിയും അതിഥികളുമായുള്ള ആഴത്തിലുള്ള ബന്ധവും ഇത് മേഖലയിലെ ഒന്നാം നമ്പർ വിനോദ, സാംസ്കാരിക കേന്ദ്രമെന്ന സ്ഥാനം ഉറപ്പിക്കുന്നു. 1997 ൽ ആഗോളഗ്രാമ കവാടങ്ങൾ തുറന്നതിനുശേഷം, ഗ്ലോബൽ വില്ലേജ് 100 ദശലക്ഷത്തിലധികം അതിഥികളെ സ്വാഗതം ചെയ്തു, കഴിഞ്ഞ സീസൺ 28 ൽ 10 ദശലക്ഷത്തിലധികം ആളുകളുടെ വരവ് എന്ന പുതിയ റെക്കോർഡ് ഗ്ലോബൽ വില്ലജ് നേടി. ഈ സീസണിൽ, 90 ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവലിയനുകളും 3,500 ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും 250 ലധികം ഡൈനിംഗ് ഓപ്ഷനുകളും ഉണ്ട്. 40,000 ഷോകളിൽ 400-ൽ അധികം ലോകോത്തര കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. കാർണവലിൽ അതിഥികൾക്ക് 200 ലധികം റൈഡുകളും ഗെയിമുകളും ആസ്വദിക്കാൻ കഴിയും, ഇത് ഗ്ലോബൽ വില്ലേജിനെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ പരിപാടികൾ, ഷോകൾ, ഷോപ്പിംഗ്, ഡൈനിംഗ് അനുഭവങ്ങൾ എന്നിവയുടെ കേന്ദ്രമാക്കി മാറ്റുന്നു. ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ രാത്രി 1 മണിവരെയും, വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വൈകീട്ട് നാലുമുതൽ പുലർച്ചെ രണ്ടു മണിവരെയും ഗ്ലോബൽ വില്ലജ് പ്രവർത്തിക്കും.