കൗതുകത്തോടെ കുട്ടികളും ലോകത്തെ പ്രഗല്ഭരായ അനിമേഷൻ വിദഗ്ധരും ഒത്തുചേർന്നതോടെ ഷാർജ കുട്ടികളുടെ വായനോത്സവം അക്ഷരാർത്ഥത്തിൽ അത്ഭുതലോകമായി. ഈ രംഗത്തെ വിദഗ്ധർ കുട്ടികൾക്ക് മുമ്പിൽ അനിമേഷന്റെ വിവിധ ഘട്ടങ്ങൾ വിവരിച്ചു നൽകി. അനിമേഷൻ പവിലിയനിൽ എത്തിയ കുട്ടിവായനക്കാരുടെ മുന്നിലാണ് കഴിഞ്ഞ ദിവസം അനിമേഷന്റെ അത്ഭുത ലോകം തുറന്നത്. ടെലിവിഷനിലും ടാബുകളിലും മൊബൈലിലും കണ്ടു പരിചയമുള്ള കുട്ടികഥാപത്രങ്ങളെ നേരിൽ കണ്ട അനുഭവമായിരുന്നു പലർക്കും ഉണ്ടായത്. ഇവയ്ക്ക് ജീവൻ വച്ചപ്പോഴാവട്ടെ കുട്ടികൾക്ക് അവിശ്വസനീയവും കണ്ണുകളിൽ അത്ഭുതവും നിറച്ച് അവർ തുള്ളിച്ചാടി.
‘നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുക’ എന്ന പ്രമേയത്തിലൂടെ നടക്കുന്ന വായനോത്സവത്തിൽ ഇന്ത്യയുൾപ്പടെ 66 രാജ്യങ്ങളിൽ നിന്നുള്ള 512 അതിഥികൾ പങ്കെടുക്കുന്നുണ്ട്. ബാലസാഹിത്യ രംഗത്ത് അവരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ വായനോത്സവത്തിൽ പ്രദർശിപ്പിക്കും.16 രാജ്യങ്ങളിൽ നിന്നുള്ള 16 അതിഥികൾ നയിക്കുന്ന 136 നാടകങ്ങൾ, റോമിങ് ഷോകൾ, അക്രോബാറ്റ്, സംഗീത പരിപാടികൾ എന്നിവയും വായനോത്സവത്തിൽ അരങ്ങേറും.1,658 ശിൽപശാലകളും സെഷനുകളും ഉണ്ടായിരിക്കും.
നാല് രാജ്യങ്ങളിൽ നിന്നുള്ള 15 പ്രതിഭകൾ നയിക്കുന്ന ശിൽപശാലകൾ, പാനൽ ചർച്ചകൾ, റോമിങ് ഷോകൾ എന്നിവയുൾപ്പടെ 323ലേറെ പരിപാടികലും അരങ്ങേറും. ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ പന്ത്രണ്ട് ഷെഫുകൾ അവതരിപ്പിക്കുന്ന 33 ലേറെ പാചകപരിപാടികളുമായി ജനപ്രിയ കുക്കറി കോർണറും സജ്‌ജമാണ്.
സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്റെ (എസ്‌സിഎഫ്‌എ) ചെയർപേഴ്‌സണുമായ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ പിന്തുണയും മാർഗ്ഗനിർദ്ദേശവും അനുസരിച്ച് നടക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തിന് ചുക്കാൻ പിടിക്കുന്നത് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി ആണ്.