42-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്ന ഷാർജ എക്സ്പോ സെന്ററിൽ വായനയുടെ ലോകത്ത് പാറിപ്പറന്ന് നടക്കുന്ന കുട്ടികൾ ഒരു കാഴ്ച്ചതന്നെയാണ്. കേട്ട കഥകളും അറിയാത്ത വാസ്തവങ്ങളും ചരിത്രവും സാഹിത്യവും എല്ലാം അന്വേഷിച്ചുള്ള കുട്ടികളുടെ ഒരു ഒഴുക്കുതന്നെയാണ് പുസ്തകോത്സവത്തിൽ അക്ഷരാർത്ഥത്തിൽ ഉള്ളത്. അദ്ധ്യാപകരോടൊപ്പം സ്കൂളുകളിൽ നിന്ന് എത്തുന്ന കുട്ടികളാണ് ഏറെയും. തങ്ങൾക്കിഷ്ടപെട്ട എഴുത്തുകാരുടെ പുസ്തകങ്ങൾ തേടിയാണ് പലരും സ്റ്റാളുകളിൽ എത്തുന്നത്. ചിലർ അവിടെ വച്ചുതന്നെ വായനയുടെ മധുരം നുകരും. മറ്റുചില കരുന്നുകൾ പരിസരം മറന്നു സ്റ്റാളുകളുടെ മുന്നിൽ തന്നെ ഇരുന്ന് വായന പൂർത്തിയാക്കും.
പുസ്തകോത്സവത്തിൽ കുട്ടികൾക്കായി കോമിക് പുസ്തകങ്ങളും ഏറെയുണ്ട്. കുട്ടികൾക്ക് മാത്രമായുള്ള പുസ്തകങ്ങളുമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരും എത്തിയിട്ടുണ്ട്. വാരാന്ത്യമായതോടെ രക്ഷിതാക്കളോടൊപ്പമാണ് പലരും എത്തുന്നത്. മലയാളത്തിൽ നിന്നടക്കം കുട്ടിവായനക്കാർക്കായി എല്ലാ സ്റ്റാളുകളിലും വിവിധ മേഖലയിലെ പുസ്തകങ്ങളും എത്തിച്ചിട്ടുണ്ട്.വായനയുടെ ലോകത്തിനപ്പുറം വിനോദപരിപാടികളും മേളയിൽ ഒരുക്കിയിട്ടുണ്ട്. വയലിൽ സന്ഗീതവും ചിത്രരചനയും കുട്ടികളുടെ അടുക്കളയും, വിവിധ മേഖലയിലെ പ്രശസ്തരുമൊത്ത് കുട്ടികൾക്കുമാത്രമായുള്ള സംവാദ പരിപാടികളും എല്ലാം മേളയിൽ ഉണ്ട്. മുതിർന്നവർക്കും കുട്ടികൾക്കുമായി ഇക്കുറി പുസ്തകമേളയിൽ ആകെ 1,700 പരിപാടികളും വിവിധ വിഷയങ്ങളിൽ ശിൽപശാലകളും നടക്കും. 460 സാംസ്കാരിക പരിപാടികൾ അരങ്ങേറും. ലോകത്തെ 69രാജ്യങ്ങളിൽ നിന്നായി 215 മുഖ്യാഥിതികളാണ് പുസ്തകോൽസവ വേദിയിലെത്തുക.