ഷാര്‍ജ: ലോകത്തെവിടെയും ഏക സംസ്‌കാര വാദം ഉന്നയിക്കുന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണെന്നും മനുഷ്യകുലത്തിന് തന്നെ അപകടകരമാണെന്നും ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീ അഭിപ്രായപ്പെട്ടു. 41-മത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ സംവദിക്കുകയായിരുന്നു അവർ. ഏകീകൃത സംസ്‌കാരം വരുന്നതിലൂടെ അതിന്റെ സൗന്ദര്യം പൂര്‍ണമായും നഷ്ടപ്പെടുത്തുന്നു. വൈവിധ്യങ്ങളാല്‍ സുന്ദരവും സമ്പന്നവുമായ ഈ പ്രപഞ്ചം ഏക സംസ്‌കാരവാദത്തിലൂടെ മനുഷ്യസമൂഹത്തിന്റെ സാംസ്‌കാരിക തനിമയെയും വൈവിധ്യങ്ങളെയും ഇല്ലാതാക്കും. ഇത് അത്യന്തം അപകടകരവുമാണെന്നും ഗീതാഞ്ജലി ശ്രീ പറഞ്ഞു.
ബുക്കര്‍ പ്രൈസ് നേടിയ ടോമ്പ് ഓഫ് സാന്റ് എന്ന പുസ്തകം രചിക്കുമ്പോള്‍ സ്ത്രീ സംബന്ധമായ എന്തെങ്കിലും അജണ്ട ഉണ്ടായിരുന്നില്ലെന്നും ഒമ്പത് വര്‍ഷത്തോളം സമയമെടുത്താണ് ഇതിന്റെ മൂലകൃതിയായ റേത്ത് സമാധി എന്ന പുസ്തകം എഴുതിയതെന്നും ഗീതാഞ്ജലി പറഞ്ഞു. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നത്തെ സാമൂഹികവും സാമ്പത്തികവുമായി സമഗ്രമായി വിലയിരുത്തേണ്ടതുണ്ട്. പുരുഷാധിപത്യപരമായ സാമൂഹിക പശ്ചാത്തലത്തില്‍ സ്ത്രീകള്‍ എല്ലാ മേഖലകളിലും ശാക്തീകരിക്കപ്പെടേണ്ടതുണ്ട്. ഈ നോവല്‍ ഹിന്ദിയില്‍ നിന്നും ഇംഗ്ലീഷിലേക്കും ഫ്രഞ്ചിലേക്കും വിവര്‍ത്തനം നടത്തിയപ്പോള്‍ കഥയുടെ സൗന്ദര്യത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ഭാഷകള്‍ക്ക് അതിര്‍വരമ്പുകളില്ല, ഓരോ ഭാഷക്കും അതിന്റേതായ സൗന്ദര്യവും സ്വന്തമായ അസ്തിത്വവുമുണ്ട്. വിവര്‍ത്തകര്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കിയാണ് പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ നോവല്‍ അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗീതാഞ്ജലി ശ്രീ പറഞ്ഞു. ഖലീജ് ടൈംസ് ഫീച്ചര്‍ എഡിറ്റര്‍ അനാമിക ചാറ്റര്‍ജി പരിപാടിയില്‍ അവതാരികയായി.
2018-ല്‍ ഗീതാഞ്ജലി ശ്രീ എഴുതിയ റേത്ത് സമാധി എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായ ടോമ്പ് ഓഫ് സാന്റ്‌സ് എന്ന കൃതിക്കാണ് 2022-ലെ ബുക്കര്‍ പ്രൈസ് ലഭിച്ചത്. ഭര്‍ത്താവിന്റെ മരണശേഷം വിഷാദത്തിലാകുന്ന 80 കാരിയായ സ്ത്രീയുടെ അതിജീവനമാണ് ഈ നോവലിന്റെ പ്രമേയം. ഇന്ത്യാ വിഭജനകാലത്ത് കൗമാരപ്രായത്തില്‍ കലാപത്തില്‍ നിന്നും രക്ഷപ്പെട്ട അവരുടെ മനസ്സില്‍ പരിഹരിക്കപ്പെടാത്ത മുറിവുകള്‍ അവശേഷിച്ചിരുന്നു. അവര്‍ വീട് വിട്ട് മകളുമൊത്ത് പാകിസ്ഥാനിലേക്ക് പോകുന്നു. അത് അവരുടെ അസ്തിത്വം വീണ്ടെടുക്കാനുള്ള യാത്രയായി മാറുന്നു. അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നേടുന്ന ഇന്ത്യന്‍ ഭാഷയില്‍ നിന്ന് വിവര്‍ത്തനം ചെയ്ത ആദ്യത്തെ നോവലാണിത്. യുഎസ് പരിഭാഷകനായ ഡെയ്‌സി റോക്ക് വെല്‍ ഇത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു.