ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ റീട്ടെയില്‍ വിഭാഗവും, ജിസിസിയിലെ പ്രമുഖ ഫാര്‍മസി ശൃംഖലയുമായ ആസ്റ്റര്‍ ഫാര്‍മസിയും, സ്പിന്നീസ് നിയന്ത്രിക്കുന്ന ഫൈന്‍ ഫെയര്‍ ഫുഡ് ഗ്രൂപ്പുമായും, വെയ്ട്രോസ് റീട്ടെയില്‍ യുഎഇയുമായും ചേര്‍ന്ന് ‘സെസ്റ്റ് ഫാര്‍മസി’ എന്നറിയപ്പെടുന്ന വെല്‍നസ് ഇന്‍സ്‌പെയേര്‍ഡ് ഫാര്‍മസി വരുന്നു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍, ആസ്റ്റര്‍ റീട്ടെയില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍.എസ് ബാലസുബ്രഹ്മണ്യന്‍, സ്പിന്നീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ കൂമാര്‍, അല്‍ബ്വാര്‍ഡി ഇന്‍വെസ്റ്റ്മെന്റ് ഡയറക്ടര്‍ താരീഖ് അല്‍ബ്വാര്‍ഡി എന്നിവര്‍ ചേര്‍ന്ന് അബുദാബിയിലെ ഖലീഫ സിറ്റിയില്‍ ആദ്യ സെസ്റ്റ് ഫാര്‍മസി സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രീമിയം വെല്‍നെസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ആധുനികത, പ്രകൃതിദത്തം, പരിസ്ഥിതി സൗഹൃദ രീതികള്‍ എന്നിവ ചേർത്തുള്ള അനുഭവം ഉപഭോക്താക്കള്‍ക്ക് പ്രദാനം ചെയ്യുവാനാണ് സെസ്റ്റ് ഫാര്‍മസി ലക്ഷ്യമിടുന്നത്.
ഉയര്‍ന്ന നിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ തേടുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് പുതിയ ഫാര്‍മസിയുടെ ലക്ഷ്യമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിലേക്കുള്ള വഴിയില്‍ വ്യക്തികളെ പിന്തുണയ്ക്കുന്ന പ്രീമിയം വെല്‍നസ് ഉല്‍പ്പന്നങ്ങളുടെ ലക്ഷ്യസ്ഥാനമായി മാറാന്‍ സെസ്റ്റ് ഫാര്‍മസി ഒരുങ്ങുകയാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു.
യുഎഇയിലെ ആദ്യത്തെ സൂപ്പര്‍മാര്‍ക്കറ്റ് വെല്‍നസ് ആശയം അവതരിപ്പിക്കുന്നതിനായി ആസ്റ്റര്‍ ഫാര്‍മസിയുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് യുഎഇയിലെ സ്പിന്നീസ് സിഇഒ സുനില്‍ കുമാര്‍ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍, അവരുടെ ഷോപ്പിങ്ങ് രീതികള്‍, അവരെ മികച്ച രീതിയില്‍ ജീവിക്കാന്‍ സഹായിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ എല്ലാഴ്‌പ്പോഴും സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.
ചര്‍മ്മസംരക്ഷണം, പോഷകാഹാരം, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മാതൃ-ശിശു സംരക്ഷണം, വീട്ടില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലുടനീളം ഉയര്‍ന്ന നിലവാരമുള്ളതും സാക്ഷ്യപ്പെടുത്തിയതുമായ ഉല്‍പ്പന്നങ്ങളുടെ മികച്ച ശ്രേണി. സെസ്റ്റ് സ്‌റ്റോറുകളില്‍ ലഭ്യമാക്കും. Esthederm, NeoStrata, SkinCeuticals, Obagi, The True Honey, Country Life എന്നിവ പോലെയുള്ള പ്രീമിയം ബ്രാന്‍ഡുകള്‍ സ്റ്റോറില്‍ ലഭ്യമായിരിക്കും.
ഭാവി വിപുലീകരണത്തിന്റെ ഭാഗമായി വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ സെസ്റ്റ് ഫാര്‍മസി സ്റ്റോറുകള്‍ തുറക്കാനാണ് ആസ്റ്റര്‍ ഫാര്‍മസി പദ്ധതിയിടുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ യുഎഇയിലെ ശൃംഖല 25 ലധികം സ്റ്റോറുകളിലേക്ക് വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. സെസ്റ്റ് ഫാര്‍മസി രണ്ട് ഫോര്‍മാറ്റുകളിലായിരിക്കും പ്രവര്‍ത്തിക്കുക. സെസ്റ്റ് ഫാര്‍മസി സ്റ്റാന്‍ഡേലോണ്‍ സ്റ്റോറുകളായും, വിവിധ ലൊക്കേഷനുകളിലുള്ള സ്പിന്നീസ്, വെയ്ട്രോസ് സ്റ്റോറുകള്‍ക്കുളളില്‍ പ്രവര്‍ത്തിക്കുന്ന സെസ്റ്റ് വെല്‍നസ് വിഭാഗങ്ങളായും പ്രവര്‍ത്തിക്കും. സൗദി അറേബ്യയില്‍ ഇരു ബ്രാന്‍ഡുകളും പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഒരുങ്ങുന്നതിനാല്‍ ആസ്റ്റര്‍ ഫാര്‍മസിക്കും സ്പിന്നീസിനും ആ മേഖലയിലും ഗുണകരമാകുന്ന മികച്ച ചുവടുവയ്പ്പായി ഇത് മാറും.