യുകെയില്‍ നിന്നുള്ള മാര്‍ഗരറ്റ് ഹെലന്‍ ഷെപ്പേര്‍ഡിനെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് -2023 ജേതാവായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ലണ്ടനില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ 250,000 ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌ക്കാരം മാര്‍ഗരറ്റ് ഹെലന്‍ ഷെപ്പേര്‍ഡ് സ്വന്തമാക്കി. 202 രാജ്യങ്ങളില്‍ നിന്നും അപേക്ഷകരായെത്തിയ 52,000 നഴ്‌സുമാരില്‍ നിന്നാണ് അന്തിമ ജേതാവായി മാര്‍ഗരറ്റ് തിരഞ്ഞെടുക്കപ്പെട്ടത്. ലണ്ടനിലെ ക്യൂന്‍ എലിസബത്ത് II സെന്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ ആണ് വിജയിയെ പ്രഖ്യാപിച്ചത്.
യു.കെ ഗവണ്‍മെന്റിലെ ഡെപ്യൂട്ടി ചീഫ് പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ഫോര്‍ ദ ഓഫീസ് ഓഫ് ഹെല്‍ത്ത് ഇംപ്രൂവ്‌മെന്റ് ആന്റ് ഡിസ്പാരിറ്റീസ്- പ്രൊഫസര്‍ ജാമി വാട്ടറാള്‍ പുരസ്‌ക്കാര വിതരണം നിര്‍വ്വഹിച്ചു. റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങ് പ്രസിഡന്റ് ഷെയ്‌ല സോബ്‌റാനി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജി്ങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും, ഗവേര്‍ണന്‍സ് കോര്‍പറേറ്റ് അഫേര്‍സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ.വില്‍സണും ചടങ്ങില്‍ സന്നിഹിതരായിരുന്നു. യുഎഇയില്‍ നിന്നുള്ള കാത്തി ക്രിബെന്‍ പിയേഴ്സ്, കെനിയയില്‍ നിന്നുള്ള ക്രിസ്റ്റിന്‍ മാവിയ സാമി, പനാമയില്‍ നിന്നുള്ള ഗ്ലോറിയ സെബല്ലോ, അയര്‍ലന്‍ഡില്‍ നിന്നുള്ള ജിന്‍സി ജെറി, സിംഗപ്പൂരില്‍ നിന്നുള്ള ലിലിയന്‍ യൂ സ്യൂ മീ, ഫിലിപ്പീന്‍സില്‍ നിന്നുള്ള മൈക്കല്‍ ജോസഫ് ഡിനോ, ഇന്ത്യയില്‍ നിന്ന് ശാന്തി തെരേസ ലക്ര, പോര്‍ച്ചുഗലില്‍ നിന്നുള്ള തെരേസ ഫ്രാഗ, ടാന്‍സാനിയയില്‍ നിന്നുള്ള വില്‍സണ്‍ ഫംഗമേസ ഗ്വെസ്സ എന്നീ ബാക്കിയുള്ള 9 ഫൈനലിസ്റ്റുകള്‍ക്കും പ്രത്യേക പ്രൈസ് മണി ചടങ്ങില്‍ സമ്മാനിച്ചു.
എല്ലാ ഫൈനലിസ്റ്റുകളെയും അഭിനന്ദിച്ചുകൊണ്ടും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് നന്ദി അറിയിച്ചുകൊണ്ടും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ പ്രത്യേക വീഡിയോ സന്ദേശവും അവാര്‍ഡ് ദാന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. നഴ്സുമാരുടെ അശ്രാന്ത പരിശ്രമങ്ങളെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പിന്തുണയ്ക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം അവരുടെ മികവിന്റെ പ്രചോദനാത്മകമായ കഥകള്‍ അവതരിപ്പിക്കുന്നത് തുടരുമെന്നും അലീഷ മൂപ്പന്‍ വ്യക്തമാക്കി.