യുഎഇയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജി എമിറേറ്റ്‌സിന്റെ ഇരുപതാം വാര്‍ഷികാഘോഷം ഐഷറീൻ മെയ് 14 ന് അജ്മാനില്‍ നടക്കും. അജ്മാനിലെ കെമ്പിന്‍സ്‌കി ഹോട്ടലിലാണ് ആഘോഷ പരിപാടി നടക്കുക. ശശി തരൂര്‍ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. യുഎഇയിലെ ആരോഗ്യ–വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നതാണ്. ഇന്ത്യ, യുഎസ്, യുകെ, കാനഡ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ ഐഷറീനിലും അതോടനുബന്ധിച്ച് 12 ന് ദുബായ് കോൺറാഡ് ഹോട്ടലിൽ നടക്കുന്ന രാജ്യാന്തര മെഡിക്കൽ സമ്മേളനത്തിലും പങ്കെടുക്കും. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും എകെഎംജി സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പന്‍ പരിപാടിയുടെ മുഖ്യരക്ഷാധികാരിയായിരിക്കുമെന്നും എകെഎംജി എമിറേറ്റ്‌സ് ഭാരവാഹികള്‍ ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി സംഘടനയുടെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അണിയിച്ചൊരുക്കി, എകെഎംജി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന ഋതു എന്ന നാടകം അരങ്ങേറും. വസന്തം, ഗ്രീഷ്മം, ശരത്, ശിശിരം എന്നീ നാല് കാലങ്ങളെ ആസ്പദമാക്കിയൊരുങ്ങുന്ന പരിപാടിയില്‍ 100 ഓളം ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 150 ഓളം പേര്‍ ഭാഗമാകും. കൂടാതെ എകെഎംജി പുരസ്കാരങ്ങളും സമ്മാനിക്കും. അമേരിക്കയിലെ തോമസ് ജെഫോഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി ക്ലിനിക്കൽ പ്രഫസറായ ഡോ.എം.വി.പിള്ളയ്ക്ക് ലൈഫ് ടൈം അചീവ് മെൻ്റ് അവാർഡും ജി42 ഹെൽത്ത് കെയർ ചീഫ് എക്സിക്യുട്ടീവ് ഓഫിസറും അബുദാബി ഹെല്‍ത്ത് കെയർ ചീഫ് എക്സിക്യുട്ടീവ് ഓഫിസറുമായ ആശിഷ് ഐപ് കോശിക്ക് യൂത്ത് ഐ ക്കൺ പുരസ്കാരവും നൽകും.
സംഘടനയുടെ പത്താമത്തെ പ്രസിഡന്റായി ഡോ.നിർമല രഘുനാഥൻ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുക്കും. സെക്രട്ടറി ജനറൽ ഡോ.പി.എ.ആസിഫ്, ട്രഷറർ ഡോ.ജമാലുദ്ദീൻ അബൂബക്കർ എന്നിവരും സെൻട്രൽ എക്സിക്യുട്ടീവും 7 റീജനുകുടെ ചെയർ പേഴ്സൺമാരും നിയുക്ത പ്രസിഡന്റ് ഡോ.സുഗു കോശിയും സ്ഥാനമേറ്റെടുക്കും. അടുത്ത 2 വർഷത്തെ പ്രമേയമായ ‘നമ്മുടെ ഭൂമി, നമ്മുടെ വീട്’ ശശി തരൂർ ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് ഡോ.ജോർജ് ജോസഫ്, മുൻ പ്രസിഡന്റ് ഡോ.ജോർജ് ജേക്കബ്, സെക്രട്ടറി ജനറൽ ഡോ.സഫറുല്ല ഖാൻ, ട്രഷറർ ഡോ.ബിജു ഇട്ടിമാണി, കൺവൻഷൻ കൺവീനർ ഡോ.സുഗു മലയിൽ കോശി, മുൻ പ്രസിഡന്റ് ഡോ.സണ്ണി കുര്യൻ, കൾചറൽ കൺവീനർ ഡോ.ഫിറോസ് ഗഫൂർ, മീഡിയ കൺവീനർ ഡോ.ജമാലുദ്ദീൻ അബൂബക്കർ, ഡോ.കെ.എം.മാത്യു, ഡോ.ആരിഫ് എന്നിവര്‍ ദുബൈയിൽ നടന്ന വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു.